
കൊച്ചി: സൂര്യാസ്തമയത്തിന് ശേഷവും ദേശീയപതാക താഴ്ത്താതിരുന്നാൽ അത് ഉദ്ദേശപൂര്വമല്ലാതെയാണെങ്കില് കുറ്റകരമല്ലെന്നു കേരള ഹൈക്കോടതി വ്യക്തമാക്കി.Forgetting to lower the national flag after sunset is not a crime: High Court
2015-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ അങ്കമാലി മുനിസിപ്പാലിറ്റി ഓഫിസില്‍ ഉയര്‍ത്തിയ പതാക സൂര്യാസ്തമയത്തിന് ശേഷം താഴ്ത്താതിരുന്നുവെന്നാരോപിച്ച് മുന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന് എതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കുകയായിരുന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ച്.
ദേശീയ പതാകയെ അപമാനിക്കാനോ അതിനെ അപഹാസ്യമായി കാണിക്കാനോ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍, ഇത്തരം സംഭവങ്ങളെ കുറ്റകരമായി കണക്കാക്കാനാകില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. മനഃപൂര്‍വമായ അപമാനവാഴ്ചയല്ലാത്ത സാഹചര്യത്തില്‍ ദേശീയ ചിഹ്നങ്ങളോടുള്ള അനാദരത്തിന് കേസ് ചുമത്താനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
2015 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി ഉയര്‍ത്തിയ പതാക, രണ്ട് ദിവസത്തിന് ശേഷം ആഗസ്റ്റ് 17-നാണ് ഉച്ചയ്ക്ക് താഴ്ത്തിയത്. ഇതിനെത്തുടര്‍ന്ന് പതാകയെ അപമാനിച്ചുവെന്ന് ആരോപിച്ച് പോലീസ് കേസെടുത്തിരുന്നു. എന്നാൽ, ഹര്‍ജിക്കാരന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി ഉദ്ദേശപൂര്വമാകാനുള്ള തെളിവൊന്നുമില്ലെന്നതും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.