
കോഴിക്കോട്: ലഹരി പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ സഹോദരൻ പി.കെ. ബുജൈർ അന്വേഷണത്തിനോട് പൂർണമായി സഹകരിക്കാത്തതായി റിപ്പോർട്ട്. പാസ്വേഡിട്ട് ലോക്കാക്കിയ മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് ബുജൈർ തുറന്നുകൊടുക്കാതെ നിന്നുവെന്നാണ് വിവരം.P.K. Bujair not cooperating with the investigation team
ഈ വിവരം കോടതി അറിയിച്ച അന്വേഷണ സംഘം, സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ പരിശോധിക്കാനാണ് തീരുമാനിച്ചത്. ഇതിനിടെ, പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ബുജൈർ റിമാൻഡിലാണുള്ളത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസുമായി ബുജൈർ തർക്കത്തിലേർപ്പെട്ടപ്പോഴായിരുന്നു ആക്രമണം നടന്നത്.
ആക്രമണത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജിത്തിന് പരിക്കേറ്റു. ബുജൈറിന്റെ കൈയിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബുജൈർ ലഹരി ഇടപാടിൽ പങ്കെടുത്തതിനു തെളിവുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതേക്കുറിച്ചുള്ള സൂചന, ലഹരി കേസിൽ നേരത്തെ പിടിയിലായ കുന്ദമംഗലം സ്വദേശി റിയാസിന്റെ മൊഴിയിലൂടെയാണെന്നും അറിയിച്ചു.
ബുജൈറിനെതിരെ ഭാരതീയ നിയമസംഹിതയുടെ (ബിഎൻഎസ്) 132, 121 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നു.