
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴയ്ക്കായി റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പനുസരിച്ച്, ഈ ജില്ലകളിൽ 204.4 മില്ലീമീറ്ററിൽ കൂടുതലായി മഴ ലഭിക്കാനാണ് സാധ്യത.Heavy rain warning in Kerala
ഓറഞ്ച് അലർട്ട് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് പ്രഖ്യാപിച്ചത്.
നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും സാധ്യതയുള്ളതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും, മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും സംഭവിക്കാനും സാധ്യതയുണ്ട്. പൊതു സമൂഹവും അധികൃതരും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം.
കേരള തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം വിലക്കിലാണ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.