
സന: യമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കത്ത് നൽകി. കൊല്ലപ്പെട്ട യമനി യുവാവ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫതാഹ് ആണ് കത്തിലൂടെ പ്രോസിക്യൂട്ടർക്കു മുന്നിൽ വധശിക്ഷയുടെ തിയതി തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടത്.Nimisha Priya’s death sentence: Brother of murdered youth demands date for execution
ഇത്, നിമിഷപ്രിയയ്ക്ക് മാപ്പ് നൽകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ്. ഇതിനു നേരത്തെയും എതിർപ്പ് അറിയിച്ച അബ്ദുൽ ഫതാഹ്, ഇനി നിയമാനുസൃതമായ നടപടികൾ കൈക്കൊള്ളണമെന്നും കത്തിൽ വ്യക്തമാക്കി.
നിമിഷപ്രിയയ്ക്ക് മാപ്പ് നൽകാൻ തലാലിന്റെ കുടുംബം തയ്യാറായതായി മധ്യസ്ഥർ അറിയിച്ചിരുന്നു. കാന്തപുരം എ.പി. അബുബക്കർ മുസ്ല്യാരുടെ നിർണായക ഇടപെടലോടെ യമനിൽ നടന്ന ചർച്ചകളിൽ പുരോഗതിയുണ്ടായി. തുടർ നടപടികൾ വൈകാതെ ഉണ്ടാകുമെന്നുമാണ് സൂചന.
അതേസമയം, കഴിഞ്ഞ ദിവസം നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് യമനിലെത്താൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നു. സുപ്രിംകോടതിയുടെ നിർദേശത്തെ തുടർന്നാണ് കൗൺസിൽ അപേക്ഷ നൽകിയതെങ്കിലും വിദേശകാര്യമന്ത്രാലയം യമനുമായി നയതന്ത്രബന്ധം ഇല്ലെന്നും മറ്റു നിയമപരമായ ചുണ്ടിക്കാട്ടലുകളും മുന്നോട്ടുവെച്ചാണ് അനുമതി തള്ളിയത്.