
അമ്മ സംഘടനാ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതിന് പിന്നാലെ നടൻ ബാബുരാജ് പ്രതികരണവുമായി രംഗത്തെത്തി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കായി നൽകിയ നാമനിർദ്ദേശപത്രികയാണ് അദ്ദേഹം പിൻവലിച്ചത്. കഴിഞ്ഞ എട്ട് വർഷമായി സംഘടനയിൽ പ്രവർത്തിച്ചിട്ടും ലഭിച്ചത് അപവാദങ്ങളും പീഡനപരാതികളും മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു.Baburaj Amma withdraws from the election
അടുത്തിടെ തന്നെതിരെ ഉയർന്ന പരാതികളും വിവാദങ്ങളും ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ബാബുരാജിന്റെ നിലപാട്. സരിത എസ്. നായർ നൽകിയ പരാതി ഇതിന് ഉദാഹരണമാണ് എന്നും അദ്ദേഹം പറഞ്ഞു.
പദ്ധതികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കഴിഞ്ഞ പത്ത് മാസത്തിനിടെ കമ്മിറ്റിക്ക് നിരവധി നല്ല കാര്യങ്ങൾ ചെയ്യാനായെന്നും, അതാണ് വീണ്ടും മത്സരിക്കാൻ താൽപര്യം തോന്നാനിടയായതെന്നും ബാബുരാജ് വ്യക്തമാക്കി. എന്നാൽ ഇത്തരമൊരു സാഹചര്യം തുടരുന്നിടത്ത് സംഘടനാപരമായ കാര്യങ്ങൾ ലക്ഷ്യമാക്കി മുന്നോട്ട് പോകുന്നത് ഏറെ ദുഷ്കരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമ്മയ്ക്കായി എല്ലാ നന്മകളും നേരുന്നുവെന്ന സന്ദേശം പങ്കുവച്ച് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ബഹുമാനപ്പെട്ടവരെ,
വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ, അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാൽ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല. കഴിഞ്ഞ എട്ട് വർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളിൽ നിന്ന് ലഭിച്ച ചാനൽ ഉപദേശങ്ങൾ എൻ്റെ ഹൃദയത്തിൽ മരണം വരെ സൂക്ഷിക്കും.
കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിൻ്റെ തുടർച്ച ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഞാൻ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. ലാലേട്ടൻ കമ്മിറ്റിയിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഞാനും പിന്മാറാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അന്ന് എല്ലാവരും ചേർന്ന് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് സംഘടനാപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത് ഇപ്പോൾ എനിക്ക് പ്രയാസകരമാണ്.
എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാൽ, ഇത് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നൽകിയ എല്ലാ അംഗങ്ങൾക്കും ഈ അവസരത്തിൽ ഞാൻ എൻ്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അമ്മ സംഘടനയ്ക്ക് എല്ലാവിധ നല്ല ഭാവിയും നേരുന്നു. എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
സ്നേഹത്തോടെ,
ബാബുരാജ് ജേക്കബ്