
ധർമ്മസ്ഥലയിൽ നൂറോളം മൃതദേഹങ്ങൾ മറവ് ചെയ്തുവെന്ന ആരോപണത്തെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിൽ നിർണായക തെളിവുകൾ പുറത്തു വരുന്നുണ്ട്. തിരച്ചിലിന്റെ ഭാഗമായി സൈറ്റിനകത്ത് നടത്തിയ പരിശോധനയിൽ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പ്രത്യേക അന്വേഷണസംഘം അറിയിച്ചു. മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിലുകൾ പുരോഗമിക്കുന്നത്.Search for Dharmasthala; Skeleton found at Site 6
സൈറ്റ് ആറ് എന്ന സ്ഥലത്താണ് ഏറ്റവും പുതിയ തെളിവുകൾ കണ്ടെത്തിയത്. ഇവിടെ കണ്ടെത്തിയ അസ്ഥികൂടം ഭാഗികമായ അവശിഷ്ടങ്ങളായിരുന്നു, ചില ഭാഗങ്ങൾ നഷ്ടപ്പെട്ട നിലയിലുമാണ്. തിരച്ചിലിന്റെ രണ്ടാം ദിവസമായ ഇന്നലെയും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
ആറാഴ്ചയായി തുടരുന്ന പരിശോധനയിൽ, ആ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ 13 സ്ഥലങ്ങളിലും ജിയോ ടാഗിംഗും സർവേക്കല്ലുകൾക്ക് സമാനമായ അടയാളങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ എട്ടാമത്തേത് നേത്രാവതി നദിക്കരയിൽ സ്ഥിതിചെയ്യുന്നു; പതിമൂന്നാമത്തേത് ഒരു റോഡരികിലുമാണ്. ശേഷിക്കുന്ന സ്ഥലങ്ങൾ വനമേഖലകളിലോ കാട്ട് നിറഞ്ഞ പ്രദേശങ്ങളിലോ ആണ്. ചില പ്രദേശങ്ങൾ സ്വകാര്യ ഉടമസ്ഥതയിലാണുള്ളത്, അതിനാൽ അവിടങ്ങളിൽ അന്വേഷണം നടത്തുന്നതിന് കോടതി അനുമതി ആവശ്യമാണ്.
ഇതിനിടെ, ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളി തന്നെ കണ്ടെത്തിയതായി അവകാശപ്പെട്ട ഒരു തലയോട്ടിയും അതിനോടൊപ്പം ഉള്ള മണ്ണ് സാമ്പിളുകളും കോടതി വഴി ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധനാഫലങ്ങൾ തെളിവുകളുടെ വിശ്വാസ്യതയും അന്വേഷണത്തിന്റെ ദിശയും നിർണയിക്കാൻ നിർണായകമാവും.