ആലപ്പുഴ പള്ളിപ്പുറത്ത് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്റെ വീട്ടിൽ നിന്നുള്ള പരിശോധനയിൽ നിർണായക തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങൾ ആരുടേതാണെന്ന് സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധനയ്ക്കുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചിരിക്കുകയാണ്.Body remains found in Alappuzha: Crucial evidence found at Sebastian’s house
പള്ളിപ്പുറത്ത് കണ്ടെത്തിയ ശരീരഭാഗങ്ങൾ സംബന്ധിച്ച അന്വേഷണത്തിനിടയിലാണ് സെബാസ്റ്റ്യൻ്റെ വീട്ടിൽ രക്തക്കറ കണ്ടെത്തിയത്. ഇതോടെ കേസ് കൊലപാതത്തിലേക്ക് തിരിയുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇയാളെ നിലവിൽ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്, എങ്കിലും പ്രതി കുറ്റം സമ്മതിക്കാൻ തയ്യാറാകുന്നില്ല. 65 വയസ്സുള്ള സെബാസ്റ്റ്യന്റെ ആരോഗ്യ പ്രശ്നങ്ങൾ ചോദ്യം ചെയ്യലിന് തടസ്സമാകുന്ന സാഹചര്യവും അന്വേഷണ സംഘം നേരിടുകയാണ്.
കേസിൽ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിൽ ഒന്ന്, 2023 ഡിസംബറിൽ ഏറ്റുമാനൂരിൽ നിന്നും കാണാതായ ജയ്നമ്മയുടെ മൊബൈൽ ഫോൺ പ്രതി ഉപയോഗിച്ചിരുന്നുവെന്നുള്ളത്. വ്യത്യസ്ത സമയങ്ങളിൽ ഫോണിന്റെ പ്രവർത്തനം രേഖപ്പെടുത്തിയതായും, ഏറ്റവും ഒടുവിൽ ഈരാറ്റുപേട്ടയിലെ ഒരു കടയിൽ ചാർജിംഗ് ചെയ്യുന്നതിനിടയിൽ പ്രതിയെ കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
അത് കൂടാതെ, പ്രതി സ്വർണം പണയപ്പെടുത്തിയ രേഖകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് പരിശോധനയിൽ കിട്ടിയ ശരീരഭാഗങ്ങൾ ഒരു വർഷത്തിൽ താഴെക്കുള്ള പഴക്കമുള്ളതാണെന്ന് സ്ഥിരീകരിച്ചതിനാൽ, മരിച്ചത് ജയ്നമ്മയായിരിക്കാമെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയിട്ടുണ്ട്. കണ്ടെത്തിയ അസ്ഥികൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
ജയ്നമ്മയുടെ സഹോദരൻ സാവിയോയും സഹോദരി ആൻസിയും ഡിഎൻഎ സാമ്പിളുകൾ നൽകും. ഡിഎൻഎ ഫലമെത്തിയാൽ മാത്രമെ ഔദ്യോഗികമായി മരണം ആരുടേതാണെന്ന് സ്ഥിരീകരിക്കാനാകൂ.
ഗൗരവം കൂട്ടുന്ന മറ്റൊരു കാര്യമാണ്, സെബാസ്റ്റ്യൻ 2006ലെ ബിന്ദു പത്മനാഭൻ തിരോധാന കേസിൽ പ്രതിയാണെന്നുള്ളത്. ഈ കേസ് അന്വേഷിച്ച സംഘവും ഇപ്പോള് കോട്ടയം ക്രൈംബ്രാഞ്ചിൽ നിന്ന് വിവരങ്ങൾ തേടുകയാണ്.
