ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള എല്ലാ സ്കൂളുകളിലും കുട്ടികൾക്കായി പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും അടിയന്തരമായി സുരക്ഷാ പരിശോധന നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാന സർക്കാറുകൾക്കും കേന്ദ്രഭരണപ്രദേശുകൾക്കും നിർദേശം നൽകി. സ്കൂൾ കെട്ടിടം തകർന്ന് സംഭവിക്കുന്ന അപകടങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ഇടപെടുന്നത്.Central government orders urgent safety inspection in schools
സുരക്ഷാ ഓഡിറ്റ് സ്കൂളുകളിലും കുട്ടികളും യുവാക്കളും എത്തുന്ന മറ്റ് പൊതുഇടങ്ങളിലുമെല്ലാം നിർബന്ധമാക്കി. കെട്ടിടങ്ങളുടെ ഘടനാപരമായ ശക്തി, അഗ്നിസുരക്ഷാ സംവിധാനം, അടിയന്തര സുരക്ഷാ മാർഗങ്ങൾ, ഇലക്ട്രിക്കൽ വയറിങ് എന്നിവയെല്ലാം ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് പരിശോധിക്കണമെന്ന് നിർദേശത്തിലുണ്ട്. കണ്ടെത്തുന്ന തകരാറുകൾ അടിയന്തരമായി പരിഹരിക്കണം.
അപകടസാധ്യതകൾ നേരിടാൻ സ്കൂൾ ജീവനക്കാർക്കും കുട്ടികൾക്കും ആവശ്യമായ മുൻജാഗ്രതയും പരിശീലനവും ഉണ്ടാകണം. അടിയന്തര ഒഴിപ്പിക്കൽ, പ്രാഥമിക ചികിത്സ, അഗ്നിസുരക്ഷാ നടപടികൾ എന്നിവയിൽ പരിശീലനം നൽകുകയും, അഗ്നിരക്ഷാ വിഭാഗം, പൊലീസ്, ആരോഗ്യ വകുപ്പ് തുടങ്ങിയ വകുപ്പുകൾ സഹകരിച്ച് മോക് ഡ്രില്ലുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കണമെന്നും നിർദേശം പറയുന്നു.
കെട്ടിടസുരക്ഷയ്ക്ക് പുറമേ, കുട്ടികളുടെ മാനസികാരോഗ്യവും വികാരപരമായ സുരക്ഷയും പരിഗണിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. കൗൺസലിംഗ് സെഷനുകൾ നടത്തുന്നതിനും ഹാനികരമായ സാഹചര്യങ്ങൾ തിരിച്ചറിയാൻ കുട്ടികൾക്ക് സഹായിക്കുന്നതിന് പ്രത്യേകമായി റിപ്പോർട്ടിംഗ് സംവിധാനങ്ങൾ സംസ്ഥാന തലത്തിൽ ഒരുക്കണം. ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികൾ 24 മണിക്കൂറിനകം പരിശോധിച്ച് അടിയന്തര നടപടി എടുക്കണം. വീഴ്ച വരുത്തുന്നവര്ക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും നിർദേശിച്ചു.
മാതാപിതാക്കളും രക്ഷിതാക്കളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്കൂളുകളുടെ സുരക്ഷിതത്വം സംശയാസ്പദമാണെങ്കിൽ അതിനെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും അവരോട് ബോധവത്കരണം നടത്തണമെന്നും കേന്ദ്രം വ്യക്തമാക്കി.
യഥാർത്ഥത്തിൽ, കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഒരു സ്കൂളിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ആറു കുട്ടികൾ മരിച്ചിരുന്നു. ഇന്നലെ സ്കൂൾ ഗേറ്റ് തകർന്നുവീണ് ആറ് വയസ്സുള്ള ഒരു കുട്ടി മരിച്ചു. അതേസമയം, കൊല്ലം തേവലക്കരയിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചതും ആലപ്പുഴയിലെ സ്കൂൾ കെട്ടിടം തകർന്നതും കേരളത്തിലും ആശങ്ക ഉയർത്തിയിട്ടുണ്ട്.
