കൊച്ചി: വനമേഖലകളിലും ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലുമുള്ള വാണിജ്യ സിനിമാ, ടിവി സീരിയൽ ചിത്രീകരണത്തെ കുറിച്ചുള്ള 2013ലെ സർക്കാർ ഉത്തരവ് നിയമപരമായി അസാധുവാണെന്ന് കേരള ഹൈക്കോടതി. ഇത്തരമൊരു നടപടിക്ക് ആവശ്യമായ നിയമമില്ലെന്നും കോടതി വ്യക്തമാക്കി.High Court rules forest area filming order invalid
സംരക്ഷിത പ്രദേശങ്ങളിൽ സിനിമാ ചിത്രീകരണത്തിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസിന് പിന്തുണയാകുന്ന വ്യക്തമായ നിയമവും നയചട്ടക്കൂടുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. വാണിജ്യചിത്രീകരണം സംബന്ധിച്ച വിഷയങ്ങളിൽ സർക്കാർ സൂക്ഷ്മത പാലിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.
2019ല്‍ പുറത്തിറങ്ങിയ മലയാള സിനിമയായ ‘ഉണ്ട’യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് കേസ്. കാസർഗോഡ് കാറഡുക്ക റിസർവ് വനമേഖലയിലായിരുന്നു ഷൂട്ടിങ്. ചിത്രീകരണത്തിനായി വലിയ തോതിൽ ചുവന്ന മണ്ണ് കൊണ്ടുവന്നും താൽക്കാലിക റോഡുകളും സെറ്റുകളും നിർമിച്ചും പ്രദേശത്തിന് പരിസ്ഥിതിപരമായ ദോഷം സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി ആനിമൽ ലീഗൽ ഫോഴ്സ് ഇന്റഗ്രേഷൻ എന്ന സംഘടന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നാല് ആഴ്ചയ്ക്കകം പുതിയ നിർദേശങ്ങൾ തയ്യാറാക്കാൻ കോടതി നിർദേശം നൽകി. ഭാവിയില്‍ ഇത്തരം ചിത്രീകരണങ്ങള്‍ അനുവദിച്ചുകൊണ്ട് ഭേദഗതി കൊണ്ടുവരികയോ നിയമനിര്‍മാണം നടത്തുകയോ ചെയ്താല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധിക്കുമെന്നും കോടതി വ്യക്തമാക്കി.
