തിരുവനന്തപുരം: ഡിസിസി അധ്യക്ഷനായി എൻ. ശക്തൻ ചുമതലയേറ്റു. വിവാദ ഫോൺ സംഭാഷണത്തെ തുടർന്ന് പാലോട് രവി രാജിവെച്ചതിനു പിന്നാലെയാണ് ശക്തന് ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല ലഭിച്ചത്.N. Sakthan takes charge as Thiruvananthapuram DCC president
ശക്തമായ ഒരു അടിത്തറ കോണ്ഗ്രസ് പാർട്ടിക്കുണ്ടായിട്ടുണ്ടെന്ന് ശക്തന് ചുമതലയേറ്റെടുത്ത ശേഷം പ്രതികരിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ വിജയം അതിന്റെ തെളിവാണ്. സംസ്ഥാന നേതൃത്വത്തിന്റെ തന്ത്രപരമായ മുന്നൊരുക്കങ്ങളാണ് വലിയ ഭൂരിപക്ഷം നേടാൻ വഴിതെളിച്ചതെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും വിജയത്തിനായി പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസ് ശക്തമായ നിലയിൽ തുടരുകയാണെന്നും, ഗ്രൂപ്പുകൾക്കപ്പുറത്ത് ഏകോപിതമായ പ്രവർത്തനം ഈ കാലഘട്ടത്തിൽ കണ്ടുവരുന്നുവെന്നും ശക്തൻ വിലയിരുത്തി. “കോൺഗ്രസിന്റെ സുവർണകാലത്തിലേക്കുള്ള മുന്നേറ്റമാണ് ഇത്. നാല് വർഷമായി മികച്ച നേതൃത്വം നൽകിയത് പാലോട് രവിയാണെന്ന് പറയാതെ വയ്യ,” എന്ന് അദ്ദേഹം പറഞ്ഞു.
വിവാദ ഫോൺശബ്ദം സംബന്ധിച്ച കാര്യത്തിൽ, രവിക്ക് അനുകൂല നിലപാടാണ് ശക്തൻ പ്രകടിപ്പിച്ചത്. താഴത്തോട്ടുള്ള അഭിപ്രായവ്യത്യാസങ്ങൾ കഠിനമായ ഭാഷയിലൂടെ പരിഹരിക്കേണ്ട അവസ്ഥകൾ ചിലപ്പോൾ ഉണ്ടാകാം. പുറത്ത് വന്ന ശബ്ദരേഖയെ ഉപദേശസ്വഭാവത്തിലുള്ള ഇടപെടലായാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, പാലോട് രവിയും ശക്തന് പൂര്ണ പിന്തുണ പ്രഖ്യാപിച്ചു. “താഴെയുള്ള അളവിൽ പോകുമ്പോൾ അച്ചടി ഭാഷയിൽ സംസാരിക്കാനാവില്ല. എന്നാൽ ശക്തന്റെ പ്രവർത്തനങ്ങൾക്ക് ഞാൻ സമഗ്ര പിന്തുണ നൽകുന്നു,” എന്ന് രവി പ്രതികരിച്ചു. “മഹത് വചനങ്ങൾക്ക് മാർദവമില്ലെങ്കില് ഉദ്ദേശ്യശുദ്ധിയാൽ മാപ്പ് നൽകുക” എന്ന ശ്ലോകം ഉദ്ധരിച്ചായിരുന്നു രവിയുടെ പ്രതികരണം.
