തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം രാവിലെ ഒമ്പതോടെ കവടിയാറിലെ വസതിയിൽ നിന്ന് ദർബാർ ഹാളിലേയ്ക്ക് കൊണ്ടുവന്നു. പൊതുദർശനത്തിനു ശേഷം അദ്ദേഹത്തിന്റെ മൃതദേഹം ദേശീയപാതയിലൂടെ ആലപ്പുഴയിലെ പുന്നപ്രയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. അവിടെ പൊതുദർശനത്തിനായി വേലിക്കകത്ത് വീട്ടിൽ വയ്ക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, തുടർന്ന് പൊലീസ് റീക്രിയേഷൻ ഗ്രൗണ്ടിലുമാണ് പൊതുദർശനം. അതിന് ശേഷം വൈകിട്ട് വലിയ ചുടുകാട്ടിൽ സംസ്കാരം നടക്കും. വിഎസിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.Crowds gather to see the protest leader; Public viewing at Durbar Hall at 9 am
കഴിഞ്ഞ ദിവസമാണ് 101-ാമത്തെ വയസ്സിൽ വി.എസ്. അച്യുതാനന്ദൻ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹം വെൻറിലേറ്റർ സഹായത്തിലായിരുന്നപ്പോഴാണ് അന്ത്യം സംഭവിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയിലൊരാളും പ്രതിപക്ഷ നേതാവുമായും വിഎസ് അറിയപ്പെടുന്നു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിരവധി നിലകളിൽ പ്രവർത്തിച്ച അദ്ദേഹം സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു.
1923-ൽ ആലപ്പുഴ പുന്നപ്രയിലെ വെന്തലത്തറ വീട്ടിൽ ശങ്കരനും അക്കമ്മയുമുള്ള കുടുംബത്തിലാണ് വിഎസിന്റെ ജനനം. ബാല്യം ദാരിദ്ര്യവും ദുരിതവുമായിരുന്നു. പതിനൊന്നാം വയസ്സിൽ വസൂരി ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ടു. സഹോദരൻ്റെ ജൗളിക്കടയിൽ സഹായിയായി ജോലി ചെയ്തതിനു ശേഷം ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായി ചേർന്നു. അതിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങളിലേക്കാണ് വിഎസിന്റെ പ്രവേശനം.
17-ാം വയസ്സിൽ നിരോധിതമായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ വിഎസ്, പി. കൃഷ്ണപിള്ള, ആർ. സുഗതൻ, സി. ഉണ്ണിരാജ് എന്നിവരുടെ പാർട്ടി ക്ലാസുകളിൽ പങ്കെടുത്തു. തിരുവിതാംകൂറിലെ തൊഴിലാളി സമരങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തു. കുട്ടനാട്ടിലെ കർഷക സമരങ്ങളിൽ നേതൃത്വമെടുത്തും, പുന്നപ്ര-വയലാർ സമരങ്ങളിൽ നേരിട്ടും അദ്ദേഹം പങ്കാളിയായി. പുന്നപ്ര വയലാർ സമരത്തെ തുടർന്ന് കസ്റ്റഡിയിലായ വി എസ് നേരിട്ടത് കൊടിയ പൊലീസ് മർദനമായിരുന്നു.
1952-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായും, 1956-ൽ ജില്ലാ സെക്രട്ടറിയായും, 1959-ൽ ദേശീയ കൗൺസിൽ അംഗമായും വി.എസ്. തിരഞ്ഞെടുക്കപ്പെട്ടു. 1964-ൽ പാർട്ടി വിഭജനത്തിനുശേഷം സിപിഐഎം രൂപീകരിച്ച 32 നേതാക്കളിൽ ഒരാളായി വിഎസ് മാറി. തുടർന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയിലേക്കും 1985-ൽ പൊളിറ്റ്ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1992 വരെ അദ്ദേഹം സിപിഐഎം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു.
