ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് പിന്നീട് നില മെച്ചപ്പെടാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. 101 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം.Communist leader VS Achuthanandan passes away
കേരളത്തിന്റെ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ്. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവര്‍ത്തിച്ച അദ്ദേഹം കേരള രാഷ്ട്രീയത്തിൽ സമരങ്ങളുടെ പ്രതീകമായി മാറിയ നേതാവായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗൺസിലിൽ നിന്നും പുറത്തുപോയി സിപിഐഎം രൂപീകരിക്കുന്നതിൽ പങ്കെടുത്ത അവസാന തലമുറക്കാരനായിരുന്നു അദ്ദേഹം.
തിരുവിതാംകൂർ കാലഘട്ടത്തിലുമുതലുള്ള തൊഴിലാളി പ്രക്ഷോഭങ്ങളിൽ പങ്കാളിയായിരുന്ന വിഎസ്, ഐക്യകേരളത്തിനു ശേഷം പുതിയ ഭരണമാറ്റങ്ങളുടെ ചരിത്ര സാക്ഷിയായി തുടർന്നിരുന്നു. അദ്ദേഹത്തിന്റെ വിടവാങ്ങൽ കേരളത്തിന്റെ ഒരു സമരയുഗത്തിന് അവസാനമാണ്.
