ന്യൂഡല്‍ഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കുന്നു. ഓപ്പറേഷൻ സിന്ദൂര്‍ കഴിഞ്ഞ് നടക്കുന്ന ആദ്യ സമ്മേളനമാണിത്. 12 പ്രധാന ബില്ലുകൾ ഈ സമ്മേളനത്തിൽ പരിഗണനയ്ക്ക് മുന്നിലെത്തും.The monsoon session of Parliament will begin today.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ ഭരണ-പ്രതിപക്ഷ നേർക്കുനേർ ഏറ്റുമുട്ടലാവുന്ന ഈ സമ്മേളനത്തിൽ രാഷ്ട്രീയമായ കരുത്ത് പ്രകടിപ്പിക്കാൻ ഇരുകക്ഷികളും ഒരേ സമയം തയ്യാറെടുക്കുകയാണ്. പാകിസ്താനെതിരെ ഇന്ത്യ നേടിയ വിജയത്തെ പ്രധാനമന്ത്രിയുടെ നേട്ടമായി അവതരിപ്പിക്കാൻ ബിജെപി ശ്രമിക്കും. അതേസമയം, ഈ വിഷയത്തിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലിനെക്കുറിച്ച് നരേന്ദ്ര മോദി നേരിട്ട് വിശദീകരണം നൽകണമെന്നും പ്രതിപക്ഷം ആവശ്യം ഉന്നയിക്കുന്നു.
ബിഹാർ വോട്ടർ പട്ടികയിൽ കൃത്യത ഉറപ്പാക്കുന്നതിനും വിദേശ നയത്തിലെ വീഴ്ചകൾക്കും അഹമ്മദാബാദ് വിമാന ദുരന്തത്തിനും സമഗ്ര ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നിച്ചാണ് രംഗത്തെത്തുന്നത്. ചെറിയ കക്ഷികൾക്ക് പ്രസംഗാവസരം ലഭിക്കാത്തതിനെതിരായ പരാതികളും പ്രതിപക്ഷം ഉന്നയിക്കാനാണ് പദ്ധതിയിടുന്നത്.
ഫെബ്രുവരി 13ന് ലോക്സഭയിൽ അവതരിപ്പിച്ച പുതിയ ആദായനികുതി ബിൽ പരിശോധിക്കാൻ രൂപീകരിച്ച സെലക്ട് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.ഡൽഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് വർമ്മയുടെ ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ട തീരുമാനം എല്ലാ കക്ഷികളും ചേർന്നായിരിക്കണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് ശേഖർ യാദവിന്റെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട ഇംപീച്ച്മെന്റും ഇൻഡിയാ സഖ്യം ശക്തമായി ഉന്നയിച്ചേക്കും.
ലോക്സഭയിലെ അംഗങ്ങൾ ഇനി സീറ്റിൽ സ്ഥാപിച്ച ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ഹാജർ രേഖപ്പെടുത്തും.നോമിനേറ്റഡ് അംഗമായ സി. സദാനന്ദൻ രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സമ്മേളനം ആഗസ്റ്റ് 21നാണ് അവസാനിക്കുന്നത്.
