കണ്ണൂര്‍: കേസിലെ കുറ്റപത്രത്തില്‍ എഡിഎം നവീന്‍ ബാബു തന്റെ ഭാഗത്ത് നിന്ന് തെറ്റ് പറ്റിയതായി സമ്മതിച്ചിരുന്നതായി കളക്ടര്‍ അരുൺ കെ വിജയന് മൊഴി നല്കി. ഈ വിവരം റവന്യൂ വകുപ്പ് മന്ത്രി കെ രാജനെയും കളക്ടര്‍ അറിയിച്ചിരുന്നു. യാത്രയയപ്പ് ചടങ്ങില്‍ എഡിഎം നടത്തിയ പരാമര്‍ശങ്ങളെയും തുടര്‍ന്നുണ്ടായ സംഭവങ്ങളെയും കുറിച്ചുള്ള വിവരങ്ങളും മന്ത്രിക്ക് കൈമാറിയതായും മൊഴിയിലുണ്ട്. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്താമെന്നായിരുന്നു മന്ത്രി രാജന്റെ പ്രതികരണവും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.ADM’s death: Collector’s crucial statement
യാത്രയയപ്പ് കഴിഞ്ഞ് എഡിഎം ചേംബറിലെത്തിയതായും പി പി ദിവ്യയുടെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നവീന്‍ ബാബു ഫയല്‍ വൈകിയതാണ് കാരണമെന്നു പറഞ്ഞതായും കളക്ടര്‍ മൊഴി നല്കി. മറ്റൊരു പ്രശ്നമുണ്ടോയെന്ന് വീണ്ടും ചോദിക്കവേ, തലതാഴ്ത്തി “തെറ്റ് പറ്റി” എന്ന് പറഞ്ഞുവെന്ന് കളക്ടര്‍ പറഞ്ഞു. തുടര്‍ന്ന്, നവീന്‍ ബാബു ചേംബറിന് പുറത്തേക്ക് പോയതായും തിരിച്ചെത്തിയതായും, അവരുടെ കയ്യിൽ റെക്കോഡിങ് ഉണ്ട് എന്ന് തോന്നുന്നതായി പറഞ്ഞുവെന്നും മൊഴിയില്‍ പറയുന്നു. അതിനുശേഷം എഡിഎമ്മിനെ ആശ്വസിപ്പിച്ച് മടക്കി അയച്ചതായും അദ്ദേഹം മൊഴി നല്കി.
നവീന്‍ ബാബുവിനെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണം എന്ന് ഉപദേശിച്ചതായും, ഈ വിവരങ്ങള്‍ പിന്നീട് മന്ത്രിയെ അറിയിച്ചതായും കളക്ടര്‍ പറഞ്ഞു. യാത്രയയപ്പിന് ശേഷവും പി പി ദിവ്യ ഫോണ്‍ ചെയ്ത് ഔദ്യോഗികമായി പരാതി നല്‍കിയതായും മൊഴിയിലുണ്ട്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പി പി ദിവ്യ നടത്തിയ പ്രസംഗം ആത്മഹത്യാ പ്രേരണയായി. ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് കളക്ട്രേറ്റ് ജീവനക്കാര്‍ മൊഴി നല്കി. ഫയലില്‍ അനാവശ്യ കാലതാമസം വന്നിട്ടില്ല. കൈക്കൂലി നല്‍കിയതിന് നേരിട്ടുള്ള ഒരു തെളിവുമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പി പി ദിവ്യയാണ് ദൃശ്യം ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലുകാരനെ ഏര്‍പ്പാടാക്കിയത്. പരിപാടിക്ക് മുന്‍പും ശേഷവും കളക്ടറെ ദിവ്യ വിളിച്ചിരുന്നു. എഡിഎം ആത്മഹത്യ ചെയ്തതിന് ശേഷവും ദിവ്യ കളക്ടറെ വിളിച്ചിരുന്നുവെന്നും മൊഴിയുണ്ട്.
