തിരുവനന്തപുരം: കാട്ടാക്കടയിലെ അതിവേഗ പോക്സോ കോടതിയിലെ ഓഫീസ് മുറിയിൽ ഇന്നലെ രാത്രി ഉണ്ടായ തീപിടിത്തത്തിൽ അട്ടിമറി സാധ്യതയെ പൊലീസ് തള്ളി നിൽക്കുന്നില്ല. കോടതിയിലെ ഫയലുകളും തൊണ്ടിമുതലുകളും തീയിൽ കത്തിനശിച്ചു.Fire at POCSO court suspected of sabotage
തീപിടിത്തത്തെ തുടർന്ന് ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയാണ്. തൊണ്ടിമുതലുകൾ ഉൾപ്പെടെ സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിന് പിറകെ നടന്ന പ്രാഥമിക അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്ന് കരുതുന്നുവെങ്കിലും, അട്ടിമറി സാധ്യതയെ കുറിച്ച് വ്യക്തത വരുന്നത് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമാകും എന്നാണ് പൊലീസിന്റെ പ്രതികരണം.
കാട്ടാക്കട കെഎസ്ആർടിസി ബസ്റ്റാൻഡിന് എതിർവശത്തുള്ള മൂന്നുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് പോക്സോ കോടതി പ്രവർത്തിക്കുന്നത്. തീപിടിത്ത വിവരം അറിഞ്ഞ് ജഡ്ജി എസ്. രമേഷ്കുമാർ തന്നെ രാത്രി സ്ഥലത്തെത്തി, കോടതിയുടെ രേഖകൾ സംരക്ഷിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകി.
കാട്ടാക്കട അഗ്നിശമനസേനയുടെ അതിവേഗ ഇടപെടലാണ് തീ വൻ ദുരന്തമായി മാറുന്നത് തടഞ്ഞത്.
