തിരുവനന്തപുരം: വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ മലയാളികൾക്ക് വീണ്ടും കനത്ത ഇരുട്ടടി .ഇനി പാൽവില കൂടാനാണ് സാധ്യത. മിൽമയുടെ വിലവർധന ചർച്ചയ്ക്കുള്ള യോഗം ഉടൻ തിരുവനന്തപുരത്തെ ഹെഡ്ക്വാർട്ടേഴ്സിൽ ചേരും. മേഖല യൂണിയനുകളിലെ ചെയർമാനും എംഡിമാരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.Milma prepares to increase milk prices
ലിറ്ററിന് നാലു രൂപ വരെ വർധനവുണ്ടാകാമെന്നാണ് ഇപ്പോഴത്തെ സൂചന. എറണാകുളം യൂണിയൻ ലിറ്ററിന് പത്ത് രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉൽപ്പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ വില നിശ്ചയിക്കണമെന്നാണ് തിരുവനന്തപുരം യൂണിയന്റെ ശിപാർശ. എന്നാൽ വില കൂട്ടേണ്ടെന്ന നിലപാടിലാണ് മലബാർ യൂണിയൻ.
അതേസമയം, സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക ബജറ്റ് അതിവേഗം തകരുകയാണ്. കഴിഞ്ഞ ഒരുവർഷത്തിനിടെ വെളിച്ചെണ്ണയുടെ വില മൂന്നിരട്ടിയായി ഉയർന്നതോടെ ഒരു ലിറ്ററിന്റെ ചില്ലറവില 470 രൂപയിൽ എത്തിയിട്ടുണ്ട്. തേങ്ങയുടെ വില കുത്തനെ കൂടിയതാണ് ഇതിനു കാരണം. സപ്ലൈകോയും മാവേലി സ്റ്റോറുകളും മാസങ്ങളായി വെളിച്ചെണ്ണയുടെ അഭാവം നേരിടുകയാണ്. ഇതോടൊപ്പം പൊതു വിപണിയിലുടനീളം അരിയുടെയും മറ്റ് അവശ്യവസ്തുക്കളുടെയും വിലയും കുതിച്ചുയരുകയാണ്.
