സനാ: നിമിഷപ്രിയക്ക് വിധിച്ച വധശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു. ഇതിനുള്ള ഔദ്യോഗിക ഉത്തരവ് ഇന്ന് രാത്രിയോടെ പുറത്തിറങ്ങുമെന്ന് അറിയുന്നു. യമൻ സർക്കാർ നിയോഗിച്ച ആക്ഷൻ കൗൺസിലിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം സ്ഥിരീകരിച്ചത്.Nimishapriya’s execution temporarily stayed
കൊലചെയ്യപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബത്തോടും ഗോത്ര നേതാക്കളോടുമായി നടത്തിയ ചർച്ചകളിലൂടെയാണ് തീരുമാനം രൂപപ്പെട്ടത്. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി നടക്കുന്ന ശ്രമങ്ങളിൽ കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ നടത്തിയ ഇടപെടലിന് ആക്ഷൻ കൗൺസിൽ നന്ദി രേഖപ്പെടുത്തി.
ദിയാധനം സംബന്ധിച്ച അന്തിമതീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. കാന്തപുരം അബൂബക്കർ മുസ്ലിയാർ ഇടപെട്ടതോടെയാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കം കുറിച്ചത്.
യമനിലെ പ്രശസ്ത സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദ് വിഷയത്തിൽ ഇടപെടുന്നതോടെ കഴിഞ്ഞ ദിവസം യമനിൽ അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചു. ഇതിൽ ഗോത്രപ്രമുഖരും, തലാലിൻ്റെ കുടുംബാംഗങ്ങളും, നിയമസമിതിയിലുളളവരുമടക്കമുള്ളവർ പങ്കെടുത്തു.
തലാലിൻ്റെ ജന്മനാടായ ഉത്തര യമനിലെ ദമാറിൽ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദ് നയിക്കുന്ന ഉന്നതതല സംഘം, ഹബീബ് അബ്ദുൽ റഹ്മാൻ മഹ്ഷൂസിയുടെ നേതൃത്വത്തിൽ, ചർച്ചകൾക്ക് നേതൃത്വം നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
