പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ രോഗം രണ്ടാമതും സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലാണ് പ്രത്യേക നിർദേശങ്ങൾ നൽകിയത്.Nipah confirmed: Alert issued in six districts
നിപയോട് സാമ്യമുള്ള പനി, മസ്തിഷ്കജ്വരം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം വ്യക്തമാക്കുന്നു. പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിൽ രോഗികൾക്കൊപ്പം ഒരാളെ മാത്രമേ നിൽക്കാൻ അനുവദിക്കൂ. രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും മാസ്ക് നിർബന്ധമാണ്. അനാവശ്യമായി ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
നിപ സ്ഥിരീകരിച്ച ചങ്ങലീരി പ്രദേശത്തോട് ചേർന്നുള്ള കുമരംപുത്തൂർ പഞ്ചായത്ത് (വാർഡ് 8–14), മണ്ണാർക്കാട് നഗരസഭ (വാർഡ് 25–28), കാരകുർശ്ശി, കരിമ്പുഴ പഞ്ചായത്തുകളിലെ മൂന്ന് വാർഡുകളിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിയന്ത്രണ മേഖലയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുവാദം ഉണ്ടായിരിക്കൂ. എല്ലാ ഇടങ്ങളിലും മാസ്ക് ധരിക്കൽ നിർബന്ധമാക്കുന്നു.
ചങ്ങലീരിയിൽ മരിച്ചയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 46 പേരെ നിരീക്ഷണത്തിൽ എടുത്തിട്ടുണ്ട്. നാട്ടുകലിൽ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനാഫലം ഇന്ന് ലഭിക്കാനാണ് സാധ്യത.
