കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയുടെ ധനസഹായം നൽകും. കൂടാതെ, ബിന്ദുവിന്റെ മകനു സർക്കാർ ജോലി നൽകുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.Medical College tragedy: Government financial assistance to Bindu’s family
അതേസമയം, ചാണ്ടി ഉമ്മൻ ബിന്ദുവിന്റെ കുടുംബത്തിന് നേരത്തേ വാഗ്ദാനം ചെയ്ത 5 ലക്ഷം രൂപ ഇന്നലെ കൈമാറി. ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ, ബിന്ദുവിന്റെ മകളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ തുക നിക്ഷേപിച്ചത്.
അപകടം നടന്നതോടെ ഉടൻ സംഭവസ്ഥലത്തെത്തിയ ചാണ്ടി ഉമ്മൻ, പിന്നീട് സംഭവത്തിൽ കൂടുതൽ സഹായങ്ങൾ ഉറപ്പാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വി.എൻ. വാസവനും ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർതലത്തിൽ സഹായം ഉറപ്പാക്കിയിരുന്നു.
ജൂലൈ 3-ന് രാവിലെ 11 മണിയോടെയാണ് മെഡിക്കൽ കോളേജിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന പഴക്കംചെന്ന മൂന്ന് നില കെട്ടിടം തകർന്നത്. ബിന്ദു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളുടെ കൂടെയെത്തിയതായിരുന്നു. കുളിക്കാനായി ശുചിമുറിയിലേക്ക് പോയ ബിന്ദു തിരിച്ചെത്താതിരിച്ചതോടെയാണ് ദുരന്തം അറിയപ്പെട്ടത്. ഫോൺ വിളിക്കുമ്പോഴും പ്രതികരണം ഇല്ലാതിരുന്നതോടെ തെരച്ചിൽ ആരംഭിക്കുകയായിരുന്നു.
ജെസിബിയുടെ സഹായത്തോടെയും അഗ്നിശമനസേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ഒരുമണിയോടെ ബിന്ദുവിനെ കണ്ടെത്തി. ഉടൻ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും, പിന്നീട് ഒരാൾ കുടുങ്ങിക്കിടക്കുന്നു എന്ന വിവരം സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. കെട്ടിടത്തിന്റെ തീരെ പരിപാലനരഹിതമായ അവസ്ഥയും, പഴക്കവും ദുരന്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ കത്തിയുയർന്നു, ആരോഗ്യമന്ത്രിയുടെ രാജി വരെ ആവശ്യപ്പെട്ട് സമരങ്ങൾ ശക്തമാവുകയും ചെയ്തു.
