തിരുവനന്തപുരം: ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ പങ്കെടുക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. കേരളത്തിലെ തൊഴിലാളികൾ സന്തോഷത്തോടെയാണുള്ളതെന്നും തൊഴിലാളി സംഘടനകളിൽ നിന്ന് പണിമുടക്കിന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ നാളെ കെ.എസ്.ആർ.ടി.സി സർവീസുകൾ സാധാരണപോലെ നടക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്.KSRTC will abstain from the strike; Trade unions respond
അതേസമയം, മന്ത്രിയുടെ വാദങ്ങൾ ചർച്ചാജനകമാകുന്നതായി മാറിയതോടെ ഭരണപക്ഷം ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ രംഗത്തെത്തി. ഭരണപക്ഷ സംഘടനയായ സി.ഐ.ടി.യു പണിമുടക്കിന് നോട്ടീസ് നൽകിയതായി വ്യക്തമാക്കി. പ്രതിപക്ഷ സംഘടനയായ ഐ.എൻ.ടി.യു.സിയും പണിമുടക്കിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചു.
പൊതു പണിമുടക്കിന് സിപിഐഎം, സിപിഐ അടക്കമുള്ള ഇടതുപക്ഷ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് അർദ്ധരാത്രിയിൽ തുടങ്ങുന്ന പണിമുടക്ക് നാളെ അർദ്ധരാത്രിവരെ തുടരും.
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധവും കർഷകവിരുദ്ധവുമായ നയങ്ങൾക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള ഈ പ്രതിഷേധം. ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, പൊതുമേഖല ഓഹരി വിൽപന നിർത്തുക, സ്കീം തൊഴിലാളികളെ നിയമിത തൊഴിലാളികളായി അംഗീകരിക്കുക, കുറഞ്ഞ വേതനം ₹26,000 ആക്കുക, പെൻഷൻ ₹9,000 ആക്കുക എന്നിവയുള്പ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കർഷകരും, കേന്ദ്ര–സംസ്ഥാന സർക്കാർ ജീവനക്കാരും, അധ്യാപകരും, ബാങ്കിംങ്–ഇൻഷുറൻസ് ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തേക്കും. ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, എ.യു.ടി.യു.സി, എച്ച്.എം.എസ്, സേവ, ടി.യു.സി.ഐ തുടങ്ങിയ പത്തു പ്രധാന തൊഴിലാളി സംഘടനകളുടെ സംയുക്ത വേദിയാണ് സമരം പ്രഖ്യാപിച്ചത്.
ഇന്ത്യയുടെയാകെയുള്ള 25 കോടി തൊഴിലാളികൾ സമരത്തിൽ പങ്കെടുപ്പിക്കുമെന്ന് പ്രതീക്ഷയെന്നും, അഖിലേന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ പ്രതിനിധിയായ അമർജിത് കൗർ പറഞ്ഞു. സമരത്തിന് കർഷക സംഘടനകളായ സംയുക്ത കിസാൻ മോർചയും കർഷകതൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
