തിരുവനന്തപുരം: പുലിപ്പല്ല് കേസിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് നേരെയുള്ള അന്വേഷണം ശക്തമാകുന്നു. സുരേഷ് ഗോപിയെ ചോദ്യം ചെയ്യാൻ വനംവകുപ്പ് തയ്യാറെടുപ്പുകളാണ് നടത്തുന്നത്. ഇതിനായി സുരേഷ് ഗോപിയെ ഉടൻതന്നെ വിളിപ്പിക്കുമെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.Tiger tooth case: Forest Department moves to question Suresh Gopi
കഴുത്തിൽ പുലിപ്പല്ല് എന്ന് തോന്നിപ്പിക്കുന്ന ലോക്കറ്റുള്ള മാലയുമിട്ട് പൊതു ചടങ്ങുകളിൽ പങ്കെടുത്തതാണ് സുരേഷ് ഗോപിക്ക് വിനയായത്. ഈ പശ്ചാത്തലത്തിൽ തൃശൂർ സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് വനംവകുപ്പ് നടപടി തുടങ്ങിയത്.
പുലിപ്പല്ല് പോലെയുള്ള ലൊക്കറ്റുമാലയിൽ യഥാർത്ഥമായി വന്യജീവി അവശിഷ്ടം ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സ്ഥിരീകരിക്കാൻ സുരേഷ് ഗോപിയോട് വിശദീകരണം ആവശ്യപ്പെടും. അതിനായി, അദ്ദേഹം ധരിച്ചിരുന്ന മാലയും മറ്റ് ബന്ധപ്പെട്ട വിവരങ്ങളും ഹാജരാക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് ഉടൻ തന്നെ നോട്ടീസ് അയക്കും. തൃശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മുമ്പാകെയാണ് അദ്ദേഹം ഹാജരാകേണ്ടത്.
1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം, ഷെഡ്യൂൾ I അല്ലെങ്കിൽ ഷെഡ്യൂൾ II-ൽ ഉൾപ്പെട്ട മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇല്ലാതെ കൈവശംവയ്ക്കുന്നത് കർശനമായ നിയമലംഘനമാണ്. പാരമ്പര്യമായി കൈമാറിയതല്ലാത്ത ഇത്തരം വസ്തുക്കൾ സൂക്ഷിക്കുന്നതും ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു. ഇത്തരം നിയമലംഘനങ്ങൾക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്.
വനംവകുപ്പ് പരിശോധിക്കുന്നതോടെ, സുരേഷ് ഗോപിക്കെതിരെ തുടർന്നുള്ള നിയമനടപടികൾ എടുക്കണോ എന്നത് ഉടൻതന്നെ തീരുമാനമായേക്കും.
