കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് റിപ്പോർട്ടുകൾ. മരട് പൊലീസ് സ്റ്റേഷനിലാണ് സൗബിനും സഹനിർമ്മാതാക്കളായ ബാബു ഷാഹിറും ഷോൺ ആന്റണിയും ഹാജരാകുന്നത്.Manjummal Boys financial fraud; Soubin to appear for questioning today
ഇതിന് മുൻപായി രണ്ട് തവണ പൊലീസ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും, പ്രതികൾ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമില്ലെന്ന് കണക്കിലെടുത്ത് കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് അല്ലെങ്കിൽ ആവശ്യമായെങ്കിൽ നാളെയും ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
തങ്ങൾക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയിലാണ് കേസ്. ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ലാഭത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ വാങ്ങിയെങ്കിലും, പിന്നീട് പണം നൽകാതെ താൻ വഞ്ചിക്കപ്പെട്ടുവെന്നാണ് ഹമീദിന്റെ പരാതി.
