പാലക്കാട്: പാലക്കാട് നാട്ടുകൽ സ്വദേശിനിയായ 38 കാരിയായ യുവതിക്കാണ് സംസ്ഥാനത്ത് പുതുതായി നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമാണ്. നേരത്തെ പുണെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.Nipah confirmed again; alert issued in the district
ഏകദേശം 20 ദിവസം മുമ്പ് പനിയുണ്ടായ ഇവർ വീട്ടിനടുത്തുള്ള ക്ലിനിക്കടക്കം മൂന്നു സ്ഥലങ്ങളിൽ ചികിത്സ തേടിയിരുന്നു. പിന്നീട് നിലവറഞ്ഞ ആരോഗ്യനിലയെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവർ മക്കൾക്കൊപ്പമാണ് താമസിക്കുന്നത്. ഭർത്താവ് വിദേശത്തായിരുന്നു, നിലവിൽ നാട്ടിലെത്തിയിട്ടുണ്ട്. പരിസരമുള്ള വീടുകൾ കുടുംബാംഗങ്ങളുടെതായതിനാൽ സമ്പർക്ക പട്ടിക കൂടുതൽ വ്യാപിച്ചേക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ സൂചന.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്, തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7, 8, 9, 11-ാം വാർഡുകളും കരിമ്പുഴ പഞ്ചായത്തിലെ 17, 18-ാം വാർഡുകളും കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. നിലവിൽ നൂറിലധികം ആളുകൾ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നു. രോഗ വ്യാപന സാധ്യതയെ തുടർന്ന് പ്രദേശത്ത് കർശനമായ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്.
