
ആലപ്പുഴ: ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മ ജെസിമോളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി പൊലീസാണ് ജെസിമോളെ ചോദ്യം ചെയ്യലിന് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിൽ പങ്കുണ്ടോയെന്ന സംശയമാണ് ജെസിമോളെതിരെ കർശന നടപടിയിലേക്ക് നയിച്ചത്. ഭര്‍ത്താവ് ജോസിനൊപ്പം ജെസിമോളെയും വിശദമായി ചോദ്യം ചെയ്യും.Omanapuzha murder: Mother also in custody
ആദ്യ ഘട്ടത്തിൽ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കൽ, കൊലപാതക വിവരം മറച്ചുവെക്കൽ കാര്യങ്ങളായിരുന്നു പ്രാഥമിക ഘട്ടത്തില്‍ ജെസിമോള്‍ക്കെതിരെ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നത്. തിങ്കളാഴ്ച രാത്രി ജാസ്മിൻ (29) കൊല്ലപ്പെട്ടിരുന്നു. ഭർത്താവുമായി പ്രശ്നങ്ങളുണ്ടായിരുന്ന യുവതി ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ സംശയമുണര്‍ത്തുന്ന പരിക്കുകൾ കണ്ടതോടെ അന്വേഷണം കൊലപാതകത്തിലേക്കു തിരിയുകയായിരുന്നു.
തുടർന്ന് പിതാവ് ജോസ്മോൻ കുറ്റസമ്മതം നടത്തി. ജാസ്മിൻ പതിവായി വൈകി വീട്ടിലെത്തുന്ന വിഷയത്തിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ജോസ്മോൻ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ഇയാള്‍ പൊലീസിന് നല്കിയ വെളിപ്പെടുത്തലുകള്‍ ചൂണ്ടിക്കാട്ടുന്നതനുസരിച്ച്, ജാസ്മിന്റെ കഴുത്ത് ഞെരിച്ചു അബോധാവസ്ഥയിലാക്കിയ ശേഷം തോര്‍ത്ത് ഉപയോഗിച്ച് കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം അതിനെ ആത്മഹത്യയായി കാട്ടാൻ ജാസ്മിന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിൽ കിടത്തിയതും തുറന്നുപറഞ്ഞു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ജോസ്മോൻ നിരവധി വിവരങ്ങള്‍ പൊലീസിനോട് പങ്കുവെച്ചു.എന്നാല്‍ വീട്ടുകാര്‍ക്ക് വിവരമറിയാമായിരുന്നിട്ടും ഒരു രാത്രി മുഴുവന്‍ കൊലപാതക വിവരം മറച്ചുവെച്ചുവെന്നതും ഞെട്ടിക്കുന്നതാണ്. പിറ്റേ ദിവസമാണ് വീട്ടുകാര്‍ മരണ വിവരം പുറത്തറിയിക്കുന്നത്.താന്‍ തനിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാര്‍ക്ക് വിവരം അറിയില്ലെന്നുമായിരുന്നു ജോസ്മോന് പറഞ്ഞത്. എന്നാല്‍ തുടർന്നുള്ള ചോദ്യം ചെയ്യലില്‍ വീട്ടുകാര്‍ക്കെല്ലാം വിവരം അറിയാമായിരുന്നുവെന്നും കൊലപാതകം അവരുടെ മുന്നിലായിരുന്നുവെന്നും ജോസ്മോൻ ഒടുവിൽ സമ്മതിക്കുകയായിരുന്നു.