തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന് ആധുനിക ടാങ്കർ ലോറി വഴിപാടായി സമർപ്പിച്ചു. അശോക് ലൈലാൻഡിന്റെ 12,000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കർ ലോറിയാണ് കുടിവെള്ള വിതരണത്തിനായി സമർപ്പിച്ചത്. അങ്കമാലി കറുകുറ്റിയിലെ ആഡ്ലക്സ് മെഡിസിറ്റി ആൻഡ് കൺവൻഷൻ സെന്റർ ഗ്രൂപ്പാണ് വാഹനവഴിപാട് നടത്തിയത്.Tanker lorry as an offering to Guruvayoorappan
ഇന്ന് രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം നട തുറന്നതിനോടനുബന്ധിച്ചാണ് സമർപ്പണച്ചടങ്ങ് നടന്നത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിനു മുമ്പിൽ വാഹനപൂജ നടത്തി. തുടർന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ആഡ്ലക്സ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ പി.ഡി. സുധീശനിൽ നിന്ന് ടാങ്കർ ലോറിയുടെ താക്കോലും രേഖകളും ഔപചാരികമായി ഏറ്റുവാങ്ങി. ദേവസ്വം ചെയർമാൻ, സുധീശനെ പൊന്നാട അണിയിച്ച് ആദരിച്ചു. നിലവിളക്കും ക്ഷേത്രോപഹാരങ്ങളായ കളഭം, പഴം, പഞ്ചസാര, തിരുമുടിമാല, നെയ്യ് പായസം എന്നിവയും സമർപ്പിച്ചു.
ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.പി. വിശ്വനാഥൻ, മനോജ് ബി. നായർ എന്നിവർ പങ്കെടുത്തു. കൂടാതെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാർ, കെ.എസ്. മായാദേവി, മരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.കെ. അശോക് കുമാർ, പി.ആർ.ഒ വിമൽ ജി.നാഥ്, അസിസ്റ്റന്റ് എഞ്ചിനീയർമാരായ വി.ബി. സാബു, ഇ. നാരായണനുണ്ണി, ക്ഷേത്ര അസിസ്റ്റന്റ് മാനേജർ രാമകൃഷ്ണൻ, ടി.കെ. ഗോപാലകൃഷ്ണൻ, എം.വി.ഐ. മഞ്ജു, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
