കണ്ണൂര്‍: കണ്ണൂര്‍ വായാട്ടുപറമ്പില്‍ കുളത്തിനാല്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള പൂട്ടിയിട്ട വീടിന് സമീപം പറമ്പില്‍ നിന്നും മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി. കാട് വെട്ടി തെളിക്കുന്നതിനിടയിലാണ് അസ്ഥികൾ പണിക്കാരുടെ ശ്രദ്ധയിൽ പെട്ടത്. തുടര്‍ന്ന് ഉടമ ബിജുവിനെ വിവരം അറിയിക്കുകയായിരുന്നു.Human bones found in field near locked house
ഫൊറന്‍സിക് വിദഗ്ധരും കണ്ണൂര്‍ റൂറല്‍ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. തലയോട്ടിയും കൈകാലുകളുടെ അസ്ഥികളും പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം. സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ കാണാതായ സംഭവങ്ങളിലേക്കാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം നീളുന്നത്. എന്നിരുന്നാലും, അടുത്തകാലത്ത് ആലക്കോട് പോലീസ് സ്റ്റേഷനില്‍ മാന്‍മിസ്സിംഗ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ഒരു വര്‍ഷമായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന ബിജുവിന്റെ വീട്ടില്‍ അടുത്താഴ്ച കുടുംബം നാട്ടിലേക്ക് എത്താനിരിക്കെയാണ് ആലത്താന്നായി കാട് വെട്ടിത്തെളിക്കുന്ന സമയത്ത് നിരവധി ഭാഗങ്ങളിലായി അസ്ഥികള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ആലക്കോട് പോലീസ് സ്ഥലത്ത് കാവല്‍ ഏർപ്പെടുത്തി .
ഞായറാഴ്ച നടത്തിയ തുടര്‍ തിരച്ചിലില്‍ നട്ടെല്ല്, വാരിയെല്ലുകള്‍, കൈകാലുകളുടെ ബാക്കി അസ്ഥികള്‍, കാവിമുണ്ട്, കള്ളികള്‍ കൂടിയ കറുത്ത ഷര്‍ട്ട്, അടിവസ്ത്രം എന്നിവയും പോലീസ് കണ്ടെത്തി. ഷര്‍ട്ടിന്റെ കീശയില്‍ നിന്ന് പച്ചനിറത്തിലുള്ള നീളന്‍ ചീര്‍പ്പ്, ചെറിയ ചുണ്ണാമ്പ് കുപ്പി, മടക്കിവെച്ച നോട്ടുകള്‍, പഴയ മോഡല്‍ മൊബൈല്‍ ഫോണ്‍ എന്നിവയും പിടിച്ചെടുത്തു.
വസ്തുക്കള്‍ പറമ്പില്‍ പലഭാഗങ്ങളിലും കണ്ടതായും, ഇവയെല്ലാം ഫൊറന്‍സിക് സംഘം പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. അസ്ഥികള്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം വിശദമായ പരിശോധനയ്ക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
