കോട്ടയം: അതിദാരിദ്രം ഇല്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജില്ലാതല ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തൊഴിൽ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഈ പ്രഖ്യാപനം നിർവഹിച്ചു. മന്ത്രി വി.എൻ. വാസവൻ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു.Kottayam declared the first district without extreme poverty
സർക്കാർ അതിദാരിദ്ര്യനിർമാർജനത്തെ മുൻഗണനാപദ്ധതിയായി പ്രഖ്യാപിച്ചതിനുശേഷം ജില്ലയിൽ നടത്തിയ സമഗ്രസർവേയിൽ 1071 അതിദാരിദ്ര്യകുടുംബങ്ങളെ തിരിച്ചറിഞ്ഞു. പിന്നീട് മരണപ്പെട്ടവരും, മറ്റ് ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും കുടിയേറിയവരുമായ 168 കുടുംബങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതോടെ 903 കുടുംബങ്ങൾ അന്തിമ പട്ടികയിലായി.
ഇവർക്കായി ഭക്ഷ്യകിറ്റുകളും പാകംചെയ്ത ആഹാരവും, മരുന്നുകളും, പാലിയേറ്റീവ് കെയർ സേവനവും, ആരോഗ്യസുരക്ഷാ സാമഗ്രികളും ഉൾപ്പെടുന്ന വിവിധ സേവനങ്ങൾ ജില്ലാ ഭരണകൂടം ലഭ്യമാക്കി. ഭക്ഷണസഹായം 605 കുടുംബങ്ങൾക്ക്, മരുന്ന് വിതരണം 693 കുടുംബങ്ങൾക്ക്, പാലിയേറ്റീവ് കെയർ 206 കുടുംബങ്ങൾക്ക്, ആരോഗ്യസുരക്ഷാ സാമഗ്രികൾ 6 കുടുംബങ്ങൾക്ക് എന്നിങ്ങനെയാണ് വിതരണം.
തദ്ദേശഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയ മൈക്രോപ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രവർത്തനങ്ങൾ നടപ്പാക്കിയത്.
ഈ നേട്ടം വികസനത്തിലെ ജനകീയ പങ്കാളിത്തത്തിന്റെ മികച്ച മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
