കൽപറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് പുതിയ ഉരുൾപൊട്ടൽ ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ബെയ്ലി പാലത്തിന് സമീപം കുത്തൊഴുക്ക് ഒഴുകുന്നത്. വലിയ കല്ലുകളും വെള്ളത്തിൽ ഒഴുകി വരുന്ന കാഴ്ചകളുണ്ട്. സുരക്ഷാ കാരണങ്ങളാൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.Landslide in Wayanad again; Heavy mountain flooding in Mundakai
അടുത്തിടെ രണ്ടുദിവസമായി പ്രദേശത്ത് കനത്ത മഴയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് മാധ്യമങ്ങളോട് പറഞ്ഞു. “ബെയ്ലി പാലത്തിന് അപ്പുറത്ത് താമസമില്ല. കളക്ടറുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങൾ സ്ഥലത്ത് പ്രവർത്തനനിരതമാണ്,” അദ്ദേഹം വ്യക്തമാക്കി.
ചൂരൽമലയിലെ താമസക്കാരനായ യൂനുസിന്റെ വിവരമനുസരിച്ച്, ഇന്നലെ രാത്രി മുതൽ ശക്തമായ മഴ തുടരുകയാണ്. “ബെയ്ലി പാലം സമീപത്ത് കുത്തൊഴുക്ക് വളരെ ശക്തമാണ്. ഇപ്പോഴത്തെ ഉരുൾപൊട്ടൽ, മുമ്പ് ഉരുൾപൊട്ടിയ പുഞ്ചിരിമട്ടം ഭാഗത്താകാനാണ് സാധ്യത. അട്ടമലയിലേക്ക് പോകുന്ന വഴി തടസ്സപ്പെട്ടിട്ടുണ്ട്. ആശുപത്രി ഭാഗത്ത് വരെ വെള്ളം കയറിയിട്ടുണ്ട്. മുണ്ടക്കൈയിലേക്ക് പോകുന്ന ചന്തക്കുന്നിൽ റോഡ് മുഴുവൻ ബ്ലോക്കാണ്. നിലവിൽ ബെയ്ലി പാലം കടക്കാനാകില്ല. അതേസമയം, എല്ലാവരും സുരക്ഷിതരാണ്,” യൂനുസ് വ്യക്തമാക്കി.
പ്രദേശത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.
