തിരുവനന്തപുരം: ആലങ്കോട് സ്കൂൾ ബസിന് പിന്നിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ച സംഭവത്തിൽ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. വാഹനത്തിൽ യാതൊരു സാങ്കേതിക പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായതിന്റെ പശ്ചാത്തലത്തിൽ, ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമായതെന്നും, സ്റ്റോപ്പുള്ളത് കണ്ടിട്ടും വാഹനം നിർത്താതെ പോയതാണെന്നും മന്ത്രി പറഞ്ഞു.Alankode school bus accident: Transport Minister says action against KSRTC driver
തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ആറ്റിങ്ങല്‍ ഡയറ്റ് സ്കൂളിലെ കുട്ടികളെ കൊണ്ടുപോയ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. ആലങ്കോട് സിഗ്നലിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന്റെ പിന്നിൽ തിരുവനന്തപുരം ഭാഗത്തേക്ക് എത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂൾ ബസിന്റെ പിൻഭാഗത്ത് ഇരുന്ന 5 വിദ്യാർഥികൾക്ക് പരിക്കേറ്റു. മൊത്തം 11 വിദ്യാർത്ഥികളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ ബസിൽ മൂപ്പതോളം കുട്ടികളുണ്ടായിരുന്നു.ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികൾക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്. ആർക്കും ഗുരുതര പരിക്കുകളൊന്നുമില്ല.
