
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റിൽ ഗുരുതര പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് സ്കൂളുകളിൽ വിതരണം താത്കാലികമായി നിർത്തിയിരിക്കുന്നത്. ഏകദേശം 30,000 വിദ്യാർത്ഥികളുടെ ഒന്നാം വർഷവും രണ്ടാം വർഷവും ചേർത്തുള്ള ആകെ മാർക്കിലാണ് തെറ്റുകൾ കണ്ടെത്തിയത്.Serious error in Plus Two mark list; distribution stopped
തെറ്റുകൾ ഉള്ളത് മേയ് 22ന് പ്രസിദ്ധീകരിച്ച മാർക്ക് ലിസ്റ്റുകളിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹയർ സെക്കന്ററി ഡയറക്ടറേറ്റ് പ്രിൻസിപ്പൽമാരെ അറിയിച്ചതിൽ, തെറ്റുള്ള ലിസ്റ്റുകൾ സ്കൂളുകൾ വിതരണം ചെയ്യരുതെന്നും പുതിയ തിരുത്തിയ സർട്ടിഫിക്കറ്റുകൾ ഇന്നും നാളെയുമായി വിതരണം ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സോഫ്റ്റ്വെയറിലെ തകരാറാണ് പിഴവിന് പിന്നിലെന്ന് വ്യക്തമാക്കിയെങ്കിലും, ഇതുവരെ ഇതുമായി ബന്ധപ്പെട്ട വിശദമായ പരിശോധന നടന്നിട്ടില്ല. രണ്ടു വർഷത്തിനിടയിലെ നിരന്തര മൂല്യനിർണയത്തിൽ ഒരേ മാർക്ക് തന്നെ രേഖപ്പെടുത്തിയതായി കണ്ടെത്തിയതും പ്രശ്നം കൂടുതൽ ഗുരുതരമാകുന്നു.
മാർക്ക് ലിസ്റ്റുകൾ തിരുത്തി നൽകുന്നതിനും സാങ്കേതിക പിഴവുകൾ പരിശോധിക്കുന്നതിനുമായി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ഹയർ സെക്കന്ററി ഡയറക്ടറേറ്റ് അറിയിച്ചു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഗണിച്ച് സ്കൂളിലേക്ക് പുതുക്കിയ മാർക്ക് ലിസ്റ്റുകൾ ഉടൻ എത്തിക്കും.