തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കെതിരെ എബിവിപി കരിങ്കൊടി പ്രതിഷേധം നടത്തി. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാത്തതിന് എതിരായാണ് എബിവിപി പ്രവർത്തകരുടെ പ്രതിഷേധം. തിരുവനന്തപുരത്ത് മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു.ABVP’s black flag protest against V. Sivankutty
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കുന്നത് വരെ വിദ്യാഭ്യാസമന്ത്രി എവിടേക്ക് പോകുമ്പോളും കാറു തടഞ്ഞ് കരിങ്കൊടി കാട്ടി പ്രതിഷേധം തുടരുമെന്ന് എബിവിപി പ്രവർത്തകർ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ അംഗീകാരം ഇല്ലാത്തതിനാൽ കേന്ദ്ര സർക്കാർ 1500 കോടി രൂപയുടെ സഹായം തടഞ്ഞുവച്ചിട്ടുണ്ടെന്നായിരുന്നു മുൻപ് ശിവൻകുട്ടിയുടെ ആരോപണം. ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്തുണയില്ലാത്തതിന്റെ പേരിലാണ് ഈ നടപടി.
വിഷയത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും, ആശങ്കകൾ കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും എൻസിഇആർടി ജനറൽ കൗൺസിലിനും അറിയിച്ചിട്ടും പ്രതികരണം ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
ഭാരതാംബയുടെ ചിത്രം സംബന്ധിച്ച വിവാദത്തിൽ നിലപാട് ഉറപ്പാണെന്നും, രാജ്ഭവൻ ആർഎസ്എസ് ഓഫീസല്ലെന്നും മന്ത്രി വ്യക്തമാക്കി. ഗവർണർക്ക് അത്തരമൊരു ചിത്രം സ്ഥാപിക്കാനുള്ള ഭരണഘടനാപരമായ അധികാരമില്ലെന്നും, ഭരണഘടനയിലെ എവിടെയും ഭാരതാംബയുടെ ചിത്രം വേണമെന്ന വ്യവസ്ഥയില്ലെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
