തിരുവനന്തപുരം: മാലിന്യം വലിച്ചെറിയുന്നവരും കവറില്‍ കെട്ടികൊണ്ട് വന്ന് തള്ളുന്നവരും സൂക്ഷിച്ചോളൂ. നിങ്ങളുടെ പ്രവര്‍ത്തി നിരീക്ഷിക്കാന്‍ കെഎസ്ആര്‍ടിസിയുമുണ്ട്. കെഎസ്ആര്‍ടിസി ഇത്തരം പ്രവൃത്തികളോട് കടുത്ത നിലപാടെടുക്കാനാണ് തീരുമാനിച്ചത്.Strict action will be taken if garbage is dumped at KSRTC depot
ഡിപ്പോകളുടെ ചുറ്റുപാടുകളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാനും നടപടിയെടുക്കാനും സിസിടിവി ക്യാമറകളുടെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനമായിട്ടുണ്ട്. ഐടി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സിസിടിവി നിരീക്ഷണത്തിന് പ്രത്യേക ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.
ഏതെങ്കിലും വ്യക്തി മാലിന്യം തള്ളുന്നത് കണ്ടെത്തിയാല്‍ ഉടന്‍ യൂണിറ്റ് ഓഫീസറെ അറിയിക്കുകയും അതിന്റെ വിഡിയോ അടക്കം തെളിവുകള്‍ ശേഖരിക്കുകയും ചെയ്യും. സമയവും സ്ഥലവും സംഭവത്തിന്റെ വിശദവിവരവും അടങ്ങിയ വീഡിയോ ക്ലിപ്പ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വാട്ട്സ് ആപ്പ് നമ്പറായ 9446700800 -ലേക്ക് അയയ്ക്കും.
പിന്തുടരുന്ന നിയമനടപടികളും പിഴയുമൊക്കെ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശുചിത്വം നിലനിര്‍ത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയതായും മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമാകാന്‍ ഇത് നല്ല അവസരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
