
മൂന്നാർ: ദേവികുളം തമിഴ് ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ആറ് വിദ്യാർത്ഥികൾക്ക് തെരുവ് നായയുടെ കടിയേറ്റു. എട്ടാം ക്ലാസുകാരനായ ഒരാൾക്ക് ഇന്നലെ വൈകിട്ട്, ഹയർസെക്കൻഡറി വിഭാഗത്തിലെ അഞ്ച് വിദ്യാർത്ഥികൾക്ക് ഇന്ന് രാവിലെ സ്കൂളിലേക്കുള്ള വഴിയിലായിരുന്നു ആക്രമണം.Stray dog attacks in Munnar and Kannur; Children seriously injured
തെരുവ് നായ ആക്രമണങ്ങൾ സംസ്ഥാനതലത്തിൽ അതിതീവ്രമാകുകയാണ്. കോഴിക്കോട് ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുള്ള കുട്ടിയെ ഇന്നലെ നായ കടിച്ചു. കുട്ടി ഇപ്പോഴും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
കണ്ണൂരിലും സമാന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പയ്യാമ്പലം എസ്.എൻ പാർക്കിന് സമീപം മെയ് 31ന് പട്ടി കടിയേറ്റ അഞ്ചുവയസുകാരനിൽ പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടിക്ക് കണ്ണിലും കാലിലും കടിയേറ്റിരുന്നു. കണ്ണിലേറ്റ മുറിവ് രോഗത്തിലേക്കാണ് നയിച്ചത്. ഗുരുതരാവസ്ഥയിലായ കുട്ടി ഇപ്പോൾ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കണ്ണൂർ നഗരത്തിൽ 70 ഓളം പേർക്ക് നായകളുടെ കടിയേറ്റതായാണ് റിപ്പോർട്ടുകൾ. നഗരവാസികളിൽ അതീവ ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.