തിരുവനന്തപുരം: മിൽമയുടെ പാൽപാക്കറ്റ് ഡിസൈൻ അനുകരിച്ചെന്ന പരാതിയിൽ സ്വകാര്യ കമ്പനിയായ ‘മിൽന’യ്ക്കെതിരെ തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മിൽമ എന്നതുപോലെയുള്ള പേര് ഉപയോഗിക്കുകയും പാൽപാക്കറ്റിന്റെ രൂപകൽപ്പന അനുകരിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മിൽമയാണെന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താക്കൾ മിൽന വാങ്ങിയെന്ന പരാതിയിലായിരുന്നു കേസ്.Milma design imitation: Milna fined Rs. 1 crore
പിഴത്തുകയ്ക്ക് കൂടാതെ ആകെ തുകയ്ക്ക് ആറുശതമാനം പലിശയും അടയ്ക്കണമെന്ന് കോടതി വിധിയിൽ പറയുന്നു. മിൽമ നൽകിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്.
അതേസമയം, സംസ്ഥാനത്ത് പാൽവില വർദ്ധിപ്പിക്കാനുള്ള സാധ്യതകൾ ഇപ്പോൾ പരിശോധിക്കുകയാണ് മിൽമ. ഇതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങൾ സ്വീകരിക്കാൻ മലബാർ, തിരുവനന്തപുരം, എറണാകുളം മേഖലാ യൂണിയനുകളോട് സംസ്ഥാന ഫെഡറേഷൻ അഭ്യർത്ഥിച്ചു. നിലവിൽ ഒരു ലിറ്റർ പാലിന് 52 രൂപയാണ് വിൽപ്പന വില. കര്‍ഷകര്‍ക്ക് ഗുണനിലവാരമനുസരിച്ച് 42 മുതല്‍ 48 രൂപവരെയാണ് ലഭിക്കുന്നത്.
വില വർദ്ധിപ്പിക്കൽ വിൽപ്പനയെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇതേ മാസം അവസാനം നടക്കുന്ന ബോർഡ് യോഗത്തിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മിൽമയുടെ പ്രസ്തുത വിഭാഗങ്ങൾ ദിവസവും ശരാശരി 12.6 ലക്ഷം ലിറ്റർ പാൽ സംസ്ഥാനത്ത് നിന്ന് സംഭരിക്കുകയാണ്.
