തിരുവനന്തപുരം സംസ്ഥാനത്തെ അഞ്ച് പ്രധാന ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ മൂഴിയാർ, ഇടുക്കിയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ ഡാമുകളിലാണ് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.Red alert on five dams in Kerala; caution advised on rivers
സംസ്ഥാനത്തെ വിവിധ നദികളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ ഉപ്പള, നീലേശ്വരം, മൊഗ്രാൽ ഭാഗങ്ങൾ, കോഴിക്കോട് കോരപ്പുഴ, പത്തനംതിട്ടയിലെ മണിമല നദി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനോടൊപ്പം പത്തിലധികം നദികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തീവ്രമായി വീശുന്ന പടിഞ്ഞാറൻ കാറ്റിന്റെ പശ്ചാത്തലത്തിൽ മലയോര തീരദേശങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തെക്കൻ ഗുജറാത്ത് പ്രദേശത്തിന് മുകളിലും വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലുമുള്ള ചക്രവാതചുഴി ന്യൂനമർദ്ദമായി മാറാൻ സാധ്യതയുള്ളതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
