നിലമ്പൂരിൽ എൽഡിഎഫിന് വലിയ വിജയം ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയായ എം. സ്വരാജിന് കോൺഗ്രസുകാരനായ വി.വി. പ്രകാശന്റെ കുടുംബത്തിൽ നിന്ന് ലഭിക്കുന്ന സ്വീകരണം ചെറിയ കാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിക്കെതിരെ എൽഡിഎഫ് ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത് വർഗീയതയ്ക്കെതിരെ മാനവികത ഉയർത്തിപ്പിടിക്കുന്ന പോരാട്ടമാണ്. വിശ്വാസികൾ ഉൾപ്പെടെയുള്ള ജനങ്ങളെ എൽഡിഎഫ് ഇതിലൂടെ ഒന്നിപ്പിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.LDF has the upper hand in Nilambur: MV Govindan
പ്രകാശന്റെ വീട്ടിൽ ആര്യാടൻ ഷൗക്കത്ത് പോയില്ലെന്നത് എൽഡിഎഫിന്റെ പ്രശ്നമല്ലെന്നും, പ്രകാശന്റെ കുടുംബ പിന്തുണ എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിക്കുന്നത് പ്രാധാന്യമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി നിർണയ ഘട്ടത്തിൽ തന്നെ കോൺഗ്രസിൽ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നുവെന്നും ആ തർക്കങ്ങൾ വോട്ടിൽ പ്രതിഫലിക്കുമെന്നും എം.വി. ഗോവിന്ദൻ വിലയിരുത്തി.
പി.വി. അൻവർ ഇപ്പോഴും നിലമ്പൂരിലെ പ്രധാന രാഷ്ട്രീയ ഘടകമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് അദ്ദേഹത്തെ ഒഴിവാക്കിയതോടെ അൻവർ തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനമില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫ് ഒരു വർഗീയ മുന്നണിയാണെന്നും ജമാഅത്തെ ഇസ്ലാമിയുമായി ഉള്ള കൂട്ടുകെട്ട് യുഡിഎഫിന് തിരിച്ചടി ആയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് ആഴ്ച നീണ്ട ഉറ്റു പൊരിഞ്ഞ പ്രചാരണത്തിന് ശേഷം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വോട്ടെടുപ്പ് മറ്റന്നാൾ നടക്കും. കൊട്ടിക്കലാശം ഒഴിവാക്കിയതായി പി.വി. അൻവർ അറിയിച്ചു.
