തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുഴകളും തീരങ്ങളുമെല്ലാം അപകടഭീഷണിയായി മാറിയിരിക്കുകയാണ്. ശക്തമായ മഴയെ തുടർന്ന് പുഴകളിൽ വെള്ളം നിറഞ്ഞൊഴുകുന്നതും, കാറ്റും മണ്ണിടിച്ചിലുമെല്ലാം ജനജീവിതത്തെ പ്രതിസന്ധിയിലാക്കുന്നു.Rainstorms continue in the state: Several disasters
പാലക്കാട് കുന്തിപ്പുഴയിൽ അമ്മയും മകളും ഒഴുക്കിൽ പെട്ടെങ്കിലും നാട്ടുകാരും രക്ഷാദൗത്യത്തിനെത്തിയവരും അവരെ രക്ഷിക്കാൻ സാധിച്ചു. ഇരുവരെയും മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ എട്ട് വയസ്സുകാരൻ ഒഴുക്കിൽപ്പെട്ടു; തെരച്ചിൽ തുടരുകയാണ്.
ആലപ്പുഴയിൽ കഴിഞ്ഞ ദിവസം കടലിൽ കാണാതായ ഡോൺ (15) ന്റെ മൃതദേഹം ഇന്ന് പുറക്കാട് തീരത്ത് കണ്ടെത്തി. കടലിൽ ഒപ്പം ഉണ്ടായിരുന്ന മറ്റ് ഏഴ് വിദ്യാർഥികൾ രക്ഷപെട്ടിരുന്നു.
പാലക്കാട് മണ്ണാർക്കാട് വൻകാറ്റിൽ വീട്ടിൻ്റെ ചുമരിടിഞ്ഞ് വയോധികയായ പാത്തുമ്മബി മരിച്ചു. നെല്ലിയാമ്പതിയിൽ കെഎസ്ഇബി ജീപ്പിന് മുകളിലേക്ക് മരം വീണെങ്കിലും ജീവനക്കാർ രക്ഷപ്പെട്ടു. കാഞ്ഞിരപ്പുഴ, ശിരുവാണി, മംഗലം ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി, ജലനിരപ്പ് കുറക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
കണ്ണൂരിൽ ബാവലി പുഴയിൽ രണ്ട് പേർ കാണാതായി. കണ്ണൂർ കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി. ഭാര്യക്കൊപ്പം ഉത്സവത്തിന് എത്തിയ കോഴിക്കോട് അത്തോളി സ്വദേശി നിഷാദിനെയാണ് കാണാതായത്. ഇയാൾ പുഴയിൽ അകപ്പെട്ടതായാണ് സംശയം.
കാസർഗോഡ് ജില്ലയിൽ എട്ടു വയസ്സുകാരനെ ഒഴുക്കിൽ പെട്ട് കാണാതായി. നാട്ടുകാരും രക്ഷാദൗത്യത്തിനെത്തിയവരും തിരച്ചിൽ തുടരുന്നു.
മണ്ണിടിച്ചിലും വെള്ളക്കെട്ടും പലവൈദ്യുത മുടക്കുകളും സംസ്ഥാനമാകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, തൃശൂർ, കാസർകോട് ജില്ലകളിൽ വീടുകൾ തകർന്നതോടെ പലരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
കൊല്ലം, തിരുവനന്തപുരം തീരപ്രദേശങ്ങളിൽ കടലാക്രമണം തുടരുന്നു. ശംഖുമുഖം, വെട്ടുകാട് തീരങ്ങളിൽ വീടുകൾക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലാക്രമണത്തിനെതിരെ തടയണ നിർമിക്കണമെന്ന് ആവശ്യപ്പെടുന്നു.
ഇടുക്കിയിലും ഇടിമിന്നലും ശക്തമായ മഴയും മൂലം വീടുകൾ തകർന്നതിന്റെ വാർത്തയുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്ന പശ്ചാത്തലത്തിൽ ജലസേചന വകുപ്പ് (IDRB) കേന്ദ്ര ജല കമ്മീഷനുമായി (CWC) സഹകരിച്ച് പ്രധാന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ജനങ്ങൾ നദികളിൽ ഇറങ്ങാതിരിക്കാൻ, തീരങ്ങളിൽ നിന്ന് മാറി താമസിക്കാൻ, സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ നിർദ്ദേശിച്ചു.
