കോഴിക്കോട്: പന്നിയങ്കരയിൽ കേസ് ഒതുക്കിയതിന് പോലീസ് ഉദ്യോഗസ്ഥൻ ആഢംബര വാച്ച് കൈക്കൂലിയായി വാങ്ങിയെന്നാരോപണം.
വ്യാപാരിയും ഇടപാടുകാരനും തമ്മിൽ ഉണ്ടായ പരാതിയിൽ പരിഹാരം കാണാനായി പന്നിയങ്കര സ്റ്റേഷനിലെ എസ്ഐ ഇടപെട്ട് ആഡംബര വാച്ച് കൈപ്പറ്റിയെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ചുള്ള ചർച്ചകൾ പൊലീസിനുള്ളിലായി വ്യാപിച്ചതോടെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്.
ആദ്യ ഘട്ടത്തിൽ സ്റ്റേഷനിലെ എസ്എച്ച്ഒക്കെതിരെയാണ് ആരോപണം ഉയർന്നത്. എന്നാൽ തുടർ അന്വേഷണത്തിൽ വാച്ച് കൈപ്പറ്റിയത് എസ്ഐ ആണെന്നു കണ്ടെത്തി. സംഭവത്തിൽ ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തുകയാണ്.
ഇയാൾക്ക് നേരെ ഇതിനുമുമ്പും സമാനമായ പരാതികൾ ഉയർന്നുവെന്നും, എന്നാൽ വിജിലൻസ് അവയിൽ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നുമാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥൻ വാച്ച് വാങ്ങിയിട്ടില്ലെന്നാണു വാദം.
