കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറു വിദ്യാർഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിരവധി കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ജാമ്യ വ്യവസ്ഥകൾ പ്രകാരം, പ്രതികൾ ഓരോരുത്തരും 50,000 രൂപയുടെ ബോണ്ട് സമർപ്പിക്കണം. കൂടാതെ, അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പു നൽകുന്ന മാതാപിതാക്കളുടെ സത്യവാങ്മൂലം നൽകണം. സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റങ്ങളിൽ ഏർപ്പെടരുത്, വിദേശത്തേക്ക് പോകരുത്, ക്രിമിനൽ സ്വഭാവമുള്ള വ്യക്തികളുമായി ബന്ധം പുലർത്തരുത് തുടങ്ങിയ നിബന്ധനകളും ജാമ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതികളായ ആറു വിദ്യാർഥികളിൽ അഞ്ച് പേരും ഹൈക്കോടതിയുടെ ഇടപെടലിൽ പ്ലസ് വൺ പ്രവേശനം നേടിയിരുന്നു. നേരത്തെ വിദ്യാഭ്യാസ വകുപ്പ് തടഞ്ഞ പത്താം ക്ലാസ് പരീക്ഷാഫലം ഹൈക്കോടതിയുടെ വിമർശനത്തെ തുടർന്ന് പ്രസിദ്ധീകരിക്കുകയായിരുന്നു.
പത്താം ക്ലാസ് വിദ്യാർഥിയായ ഷഹബാസ് മാർച്ച് 1നാണ് സഹപാഠികളുടെ ക്രൂര മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിയുമ്പോൾ മരിച്ചു. ട്യൂഷൻ സെന്ററിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസ് സംബന്ധിച്ച് പ്രതികൾ ഇപ്പോഴും ജുവനൈൽ ഹോമിലാണുള്ളത്.
