തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ വിജയിക്കാനായി വർഗീയ ശക്തികളുമായി ചേർന്ന് മുന്നേറുകയാണെന്നതിലാണ് യുഡിഎഫിന്റെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിമർശനം ഉന്നയിച്ചു. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“യുഡിഎഫ് ഇപ്പോൾ എല്ലാ വർഗീയ ശക്തികളെയും ഒറ്റ കൂട്ടാക്കി മുന്നേറുകയാണ്. ഇതിന്റെ പ്രത്യാഘാതം അവർക്ക് അനുഭവിക്കേണ്ടിവരും,” എന്ന് എം വി ഗോവിന്ദൻ പറഞ്ഞു. മുമ്പ് പല തെരഞ്ഞെടുപ്പുകളിലും ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്ലാമിയും പിഡിപിയും തമ്മിൽ തുല്യമായി കണക്കാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ജമാഅത്തെ ഇസ്ലാമിക്ക് ഇസ്ലാമിക രാഷ്ട്രം വേണമെന്ന നിലപാടാണ്. എന്നാൽ പിഡിപി എന്നത് പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ പ്രതിനിധികളാണ്,” എം വി ഗോവിന്ദന്റെ വാക്കുകൾ ഇങ്ങനെ.
അതേസമയം, സിപിഎം നേതാവ് ടി എം സിദ്ദിഖ് മലപ്പുറത്ത് നടത്തിയ പ്രസംഗം ഇപ്പോൾ വിവാദമായി മാറിയിരിക്കുകയാണ്. കോൺഗ്രസ്, ലീഗ്, ബിജെപി, സുഡാപ്പി, ജമാഅത്തെ ഇസ്ലാമി എന്നിവയിൽ വ്യത്യാസമില്ല; എല്ലായിടത്തെയും പിന്തുണ തേടുകയാണ് തങ്ങളുടെ നിലപാടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
