തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് തുടർച്ചയായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പടിഞ്ഞാറൻ കാറ്റ് ശക്തമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു. മഴയുടെ സാധ്യതയെത്തുടർന്ന് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിരിക്കുന്നു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത് . ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.11 ജൂൺ വരെ മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ, പരമാവധി 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിന് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. നദിതീരങ്ങളിലും അണക്കെട്ടുകളുടെ താഴ്വരകളിലും താമസിക്കുന്നവർ മുൻകരുതലുകൾ സ്വീകരിക്കണം.
