കോഴിക്കോട്: കേരള തീരത്ത് തീപിടുത്തം സംഭവിച്ച ചരക്ക് കപ്പലിൽ നിന്നു രക്ഷപ്പെട്ട 18 നാവികരെ മംഗളൂരുവിലെത്തിച്ചു. ഇവരിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ചൂടുള്ള പുക ശ്വസിച്ചതിനെ തുടർന്നുണ്ടായ ശ്വാസതടസ്സം മൂലം ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേരുടെ നിലയിൽ നേരിയ മെച്ചമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
35 മുതൽ 40 ശതമാനം വരെ പൊള്ളലേറ്റിട്ടുള്ള രണ്ട് പേർ ഇപ്പോഴും ഗുരുതരമായി ചികിത്സയിൽ കഴിയുകയാണ്. മുഖം, കൈ, കാല് എന്നിവിടങ്ങളിലും മൂക്കിനകത്തും വരെ പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
ബാക്കി 12 പേരുടെയും ആരോഗ്യനില തൃപ്തികരമായതിനാൽ അവരെ ഹോട്ടലിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. രക്ഷപ്പെട്ടവരിൽ ചൈനയിൽ നിന്ന് 8 പേർ, തായ്വാനിൽ നിന്ന് 4 പേർ, മ്യാന്മാറിൽ നിന്ന് 4 പേർ, ഇൻഡോണേഷ്യയിൽ നിന്ന് 2 പേരുമാണ് ഉൾപ്പെടുന്നത്.ഇതിനിടെ, അപകടം സംഭവിച്ച കപ്പലിൽ നിന്ന് കാണാതായ നാല് നാവികരുടെ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ കോസ്റ്റ് ഗാർഡ് ഉൾപ്പെടെയുള്ള നിരവധി ഏജൻസികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. അതേസമയം, കപ്പലിലെ തീ കെടുത്താനുള്ള ശ്രമങ്ങൾ ഇതുവരെ ഫലപ്രദമായിട്ടില്ല. കപ്പൽ ഇനിയും കത്തുകയാണ്.
കണ്ടെയ്നറുകളിൽ തീപിടുത്തവും പൊട്ടിത്തെറിയും സാദ്ധ്യമാകുന്ന വസ്തുക്കൾ അടങ്ങിയിരിക്കുന്നതിനാൽ തീ അണയ്ക്കൽ പ്രവർത്തനങ്ങൾ അത്യന്തം ബുദ്ധിമുട്ടുകളോടെയാണ് മുന്നോട്ടുപോകുന്നത്. തീപിടിച്ചുകൊണ്ടിരിക്കുന്ന കണ്ടെയ്നറുകളിൽ ചിലത് കടലിൽ വീഴുകയാണ്. ഇവയിൽ അപകടകാരിയായ രാസവസ്തുക്കളുണ്ടെന്നതിനാൽ പരിസ്ഥിതിക്ക് ഗുരുതരമായ ദോഷങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ഉയരുന്നു.
കണ്ടെയ്നറുകൾ കൊച്ചിയും കോഴിക്കോട് തീരങ്ങളും തമ്മിലുള്ള പ്രദേശങ്ങളിൽ തിരമാലയിലൂടെ അടിയാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുമൂലം തീരപ്രദേശങ്ങളിൽ പൊതുജനങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള സുരക്ഷാ നടപടികൾ കർശനമാക്കിയിട്ടുണ്ട്.
