തിരുവനന്തപുരം: ഗാർഹിക പീഡന പരാതിയുമായി എത്തുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുടർച്ചയായ പിന്തുണ ഉറപ്പാക്കാൻ പ്രത്യേക സെൽ രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അവർക്കു ആത്മവിശ്വാസം നൽകുകയും ആവശ്യമുള്ളവർക്കു ജീവനോപാധി ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഈ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനായി പുതിയ സെൽ ശക്തമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം സഖി വൺസ്റ്റോപ്പ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നതിന് ശേഷം 20 വർഷങ്ങൾ പിന്നിട്ട സാഹചര്യത്തിൽ, സ്ത്രീധനത്തിനെതിരായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജില്ലാ ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയമിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇരുപത് വർഷങ്ങൾക്കു ശേഷമുള്ള ഈ നിയമത്തിന്റെ ഫലപ്രാപ്തി വ്യക്തമാക്കുന്ന രീതിയിൽ, നമ്മുടെ സമൂഹത്തിലെ സ്ത്രീകളുടെ ജീവിതത്തിൽ ഉണ്ടായ ഗുണപരമായ മാറ്റങ്ങൾ വിലയിരുത്തേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇരുപതിനായിരത്തിലധികം സ്ത്രീകൾക്കും കുട്ടികൾക്കും വൺ സ്റ്റോപ്പ് സെന്ററുകൾ വഴി സഹായം ലഭ്യമാക്കാൻ കഴിഞ്ഞത് വലിയൊരു മുന്നേറ്റമാണ്. ഓരോ ഇടപെടലും ഈ വ്യക്തികളുടെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയതാണ്. ഈ പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകുന്നത് അതീവപ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അത്യന്തം ദാരുണമായ അതിക്രമങ്ങളും ആക്രമണങ്ങളും നേരിട്ട സ്ത്രീകൾക്ക് അതിലൂടെ കടന്നുപോകേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്. ചിലപ്പോഴൊക്കെ, ഒറ്റയ്ക്ക് തന്നെ പരാതി ഉന്നയിക്കേണ്ട അവസ്ഥയും ഇവർക്ക് നേരിടേണ്ടിവരുന്നു. ആ പരാതിക്ക് യുക്തമായ പരിഹാരം ലഭിച്ചുവെന്ന് ഉറപ്പാക്കുക അത്യാവശ്യമാണ്. ഒരുവിധത്തിലും, ഒരു സ്ത്രീയ്ക്കും തന്റെ പ്രശ്നങ്ങൾക്ക് പരിഹാരമില്ലെന്നു കരുതേണ്ട സാഹചര്യം ഉണ്ടാകരുതെന്നും, ഇത്തരം വിഷമസാഹചര്യങ്ങളിൽ ശക്തമായ പിന്തുണ ലഭിക്കണമെന്ന് ഉറപ്പാക്കണമെന്നും, മന്ത്രി വീണ ജോർജ് ചൂണ്ടിക്കാട്ടി.
