മലപ്പുറം: നിലമ്പൂരിൽ 15കാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പഞ്ചായത്തിനും ഉത്തരവാദിത്ത്വമില്ലേയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. പഞ്ചായത്തിന് ജനങ്ങളോട് ഒരുത്തരവാദിത്ത്വവും ഇല്ലേയെന്നും മുഖ്യമന്ത്രിക്കും വനം വകുപ്പിനും മാത്രമാണോ ഉത്തരവാദിത്വം എന്നും മന്ത്രി ചോദിച്ചു.
യുഡിഎഫ് സമരം ഗൂഢാലോചനയെന്ന വാദത്തിലും മന്ത്രി ഉറച്ചുനിന്നു. വഴിക്കടവ് സംഭവം ഗൂഢാലോചന ആണെന്ന പ്രസ്താവന താൻ തിരുത്തില്ല. നിലപാട് തിരുത്തണമെങ്കിൽ സംഭവം സർക്കാർ സ്പോൺസേർഡ് മർഡർ ആണെന്ന യുഡിഎഫ് നിലപാട് തിരുത്തട്ടെ എന്നും മന്ത്രി പറഞ്ഞു.കെപിസിസി പ്രസിഡൻ്റും ഇത് തന്നയാണ് പറയുന്നത്. എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിലാണത്? അത് തെറ്റി എന്ന് പറഞ്ഞാൽ താൻ ബാക്കി പറയാമെന്നും മന്ത്രി വ്യക്തമാക്കി.
രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുമ്പോൾ സ്വാഭാവികമായും സംശയമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഭവം ഉണ്ടായപ്പോൾ തന്നെ പലഭാഗങ്ങളിലും പ്രതിഷേധം ഉയർന്നു. അപ്പോൾ ഉണ്ടായ സംശയമാണ് താൻ പറഞ്ഞത്.വനംവകുപ്പുമായി ഒരു ബന്ധവുമില്ലാത്ത കേസിൽ എന്തിനാണ് കുറ്റപ്പെടുത്തുന്നത് എന്നും മന്ത്രി ചോദിച്ചു.
