കൊച്ചി: കേരള തീരത്ത് ലൈബീരിയൻ കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് വിശദാംശങ്ങൾ തേടി ഹൈക്കോടതി. കപ്പലപകടത്തിന്റെ പരിണിതഫലം എന്തെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് കോടതി പരാമർശം.
കപ്പലിലെ കണ്ടെയ്നറിൽ എന്തൊക്കെ വസ്തുക്കളാണ് ഉണ്ടായിരുന്നതെന്ന് സർക്കാർ വെളിപ്പെടുത്തണം. അതറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെവന്നും കോടതി പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിശദാംശങ്ങൾ കോടതിയിൽ അറിയിക്കണമെന്നും നിർദേശം.
643 കണ്ടെയ്നറുമായി വിഴിഞ്ഞത്തു നിന്നു കൊച്ചിയിലേക്കെത്തിയ എംഎസ്സി എൽസ 3 എന്ന കാർഗോ കപ്പലാണ് മുങ്ങിയത്. ഇതിൽ 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള അപകടകരമായ വസ്തുക്കളും ഉണ്ടായിരുന്നു എന്നാണ് വിവരം. ഇതിനു പുറമേ കപ്പിലിലെ ഇന്ധനം കടലിൽ പടരുമോ എന്ന ആശങ്കയും നിലനിന്നിരുന്നു.
കണ്ടെയ്നറുകളിൽ ചിലത് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തീരങ്ങളിൽ അടിഞ്ഞിരുന്നു. ഇതിൽ പഞ്ഞിയും തേയിലയും ഉൾപ്പെടെയുള്ളവയാണ് കണ്ടെത്തിയത്. പൂർണമായും തകർന്ന ചില കണ്ടെയ്നറുകൾ ഒഴിഞ്ഞ നിലയിലായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നിർദേശം.
