ആലപ്പുഴ: യു. പ്രതിഭ എംഎല്‍എയുടെ മകന് കനിവ് ഉള്‍പ്പെടെ ഏഴുപേരെ കഞ്ചാവു കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി എക്സൈസ് അമ്പലപ്പുഴ കോടതിയില്‍ കുറ്റപത്രം നല്കി. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ ഒഴിവാക്കിയത്. കനിവ് ഉള്‍പ്പെടെ ഒന്‍പതു പേരാണു കേസില്‍ ഉള്‍പ്പെട്ടത്. കഞ്ചാവുപയോഗിക്കുന്നതു കണ്ടതായി പരിശോധന നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർ മൊഴി നല്‍കിയില്ല. കേസില്‍ മറ്റു സാക്ഷികളുമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യ രണ്ടു പ്രതികളൊഴികെയുള്ളവരെ ഒഴിവാക്കി നര്‍കോട്ടിക് സിഐ. എം. മഹേഷ് കുറ്റപത്രം നല്‍കിയത്. വൈദ്യപരിശോധന നടത്താത്തതിനാല്‍ പ്രതികള്‍ കഞ്ചാവുപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കാനായില്ല.
മകനെതിരേയെടുത്തത് കള്ളക്കേസാണെന്നാരോപിച്ച് യു. പ്രതിഭ, എക്സൈസ് മന്ത്രിക്കു പരാതി നല്‍കിയിരുന്നു. എക്സൈസ് ആലപ്പുഴ അസിസ്റ്റന്റ് കമ്മിഷണറാണ് ഈ പരാതി അന്വേഷിച്ചത്. കഞ്ചാവുപയോഗിച്ചതിന് തെളിവില്ലെന്നാണ് ഈ അന്വേഷണത്തിലും കണ്ടെത്തിയത്. കനിവിന്റെ കൈയില്‍നിന്ന് കഞ്ചാവു കണ്ടെത്തിയിട്ടില്ലെന്ന് ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണര്‍, എക്സൈസ് കമ്മിഷണര്‍ക്കു നല്കിയ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നല്‍കിയത്. കനിവിനെതിരേ കേസെടുത്തതിനു പിന്നാലെ അന്ന് ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറെ സ്ഥലംമാറ്റിയതും വിവാദമായിരുന്നു.
ഡിസംബര്‍ 28-ന് കുട്ടനാട് എക്സൈസ് സംഘമാണ് കനിവിനെയും സുഹൃത്തുക്കളെയും തകഴിയില്‍നിന്ന് മൂന്നുഗ്രാം കഞ്ചാവുമായി പിടിച്ചത്. ഒന്നാം പ്രതിയില്‍ നിന്ന് കഞ്ചാവും രണ്ടാംപ്രതിയില്‍ നിന്ന് കഞ്ചാവുപയോഗിക്കുന്ന ഉപകരണവും കണ്ടെത്തി. മറ്റുപ്രതികള്‍ കഞ്ചാവുപയോഗിച്ചെന്നാണ് മഹസറില്‍ രേഖപ്പെടുത്തിയത്. ഇവരുടെ നിശ്വാസവായുവില്‍ കഞ്ചാവിന്റെ ഗന്ധമുണ്ടായിരുന്നുവെന്നും രേഖപ്പെടുത്തിയിരുന്നു. കേസെടുത്തത് കുട്ടനാട് എക്സൈസ് സംഘമാണെങ്കിലും വിവാദമായപ്പോള്‍ എക്സൈസ് നര്‍കോട്ടിക്ക് വിഭാഗം ഏറ്റെടുത്തു.
