കൊച്ചി: ഇ ഡി ഉദ്യോഗസ്ഥന് പ്രതിയായ കൈക്കൂലിക്കേസില്‍ മുംബൈയിലെ സ്ഥാപനത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. താനെയിലെ ബോറാ കമ്മോഡിറ്റീസ് എന്ന ഒറ്റമുറി സ്ഥാപനം ഷെല്‍ കമ്പനിയാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. ഈ സ്ഥാപനം പൂട്ടിയ നിലയില്‍ ആണുള്ളത്. ഇ ഡി ഏജന്റുമാര്‍ എന്ന പേരില്‍ തട്ടിയെടുക്കുന്ന കോടികള്‍ എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ആണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. മൂന്ന് ദിവസത്തോളം വിജിലന്‍സ് മുംബൈ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് വിജിലന്‍സ് സംഘം അന്വേഷണത്തിനായി മുംബൈയില്‍ എത്തിയത്. ബോറ കമ്മോഡിറ്റീസ് എന്ന ബോര്‍ഡ് മാത്രമാണ് സ്ഥാപനത്തിന് മുന്നിലുണ്ടായിരുന്നത്. മുംബൈ സ്വദേശികളായിരുന്ന രണ്ട് പേരാണ് സ്ഥാപനത്തിന്റെ ഉടമകള്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതില്‍ ഒരാള്‍ ഡ്രൈവറാണ്. എന്നാല്‍ സ്ഥാപനത്തെക്കുറിച്ച് അറിയില്ലെന്നാണ് അന്വേഷണത്തില്‍ വിവരം ലഭിച്ചത്. കൈക്കൂലിയായി ലഭിക്കുന്ന പണം വെളുപ്പിക്കുന്നതിനുള്ള ഷെല്‍ കമ്പനിയായാണ് ബോറാ കമ്മോഡിറ്റീസ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.
