തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നു. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്നു മണിക്കൂർ മാത്രമാണ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വരും ദിവസങ്ങളിലും അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അതിരാവിലെ പത്ര വിതരണത്തിനും, റബ്ബർ ടാപ്പിംഗിനും, മറ്റ് ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ തികഞ്ഞ ജാഗ്രത പുലർത്തണം. രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടി കിടക്കാൻ സാധ്യതയുണ്ട്. വൈദ്യുതി ലൈനുകൾ അപകടകരമായി ശ്രദ്ധയിൽപ്പെട്ടാൽ ഒരിക്കലും സമീപത്തേക്ക് പോകരുത്. ഉടൻ സമീപത്തെ കെ എസ് ഇ ബി ഓഫീസിലോ 94 96 01 01 01 എന്ന നമ്പരിലോ അറിയിക്കണം.
