
കാലടി: സംസ്ഥാനത്തെ റോഡുകളുടെ ദുരിതാവസ്ഥ നേരിൽകണ്ട അനുഭവം കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും. പെരുമ്പാവൂരിൽ നിന്ന് കാലടിയിലേക്കെത്തുമ്പോൾ പാലത്തിന്റെ സമീപത്ത് ഗതാഗതക്കുരുക്കിൽപ്പെട്ട കേന്ദ്രമന്ത്രി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറുമായി നേരിട്ട് ഫോണിൽ സംസാരിച്ചു.
വാഹനം നീങ്ങാനാകാതെ കുരുക്കിൽ കുടുങ്ങിയതോടെ ഇടപെട്ട നാട്ടുകാരാണ് സംഭവവിവരം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പിന്നാലെ, പാലത്തിന്റെ ദയനീയ അവസ്ഥ സ്വയം കണ്ട് മനസ്സിലാക്കിയ സുരേഷ് ഗോപി, അതിന്റെയെല്ലാം വിശദവിവരങ്ങളും സെക്രട്ടറിയോട് പങ്കുവെച്ചു.
“വണ്ടി ഓടിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. കുഴികളും ടാർ പൊങ്ങി കിടക്കുന്ന ഭാഗങ്ങളും ഭയാനകമാണ്. കുറഞ്ഞത് അവയെങ്കിലും നീക്കം ചെയ്യാൻ ശ്രമിക്കൂ. ഇപ്പോഴുതന്നെ ആരെയെങ്കിലും സ്ഥലത്ത് എത്തിക്കണം” എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
PWD സെക്രട്ടറി അപകടസ്ഥിതിയിലുള്ള റോഡ് ഉടൻ താത്കാലികമായി പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയതായി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിയുടെ പരിശോധനയ്ക്ക് ശേഷം, അവിടെയുള്ളവരോട് പരിഹാസസൂചനകളോടെയും അദ്ദേഹം പ്രതികരിച്ചു: “ഇവിടെ നമ്മൾ എന്തെങ്കിലും ഇട്ടാൽ, മെറ്റലോ മറ്റോ, ജയസൂര്യയെ പോലെ അകത്താവും.” എന്നും സുരേഷ് ഗോപി പറഞ്ഞു.