ഈ വർഷത്തെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അധ്യക്ഷനായിരിക്കും. രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കും. ഇത്തവണ പ്രത്യേകതകൾ ഏറെയാണ്. കാരണം പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുകയാണ്. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്. എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025 – 26 അധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.അൽഫോൺസ് ജോസഫാണ് ഈ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി. ഭദ്ര ഹരിയെ പ്രവേശനോത്സവ ദിവസത്തിൽ വിശിഷ്ട അതിഥിയായി കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേയ്ക്ക് ക്ഷണിക്കുകയാണ്. പൊതു വിദ്യാഭ്യാസ മന്ത്രിയുടെ ക്ഷണക്കത്ത് ഭദ്രാ ഹരിക്ക് കൈമാറും.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ പ്രഥമാധ്യാപകർ തസ്തികയിൽ നിലവിലുള്ള ഇരുന്നൂറ്റി തൊണ്ണൂറ്റി മൂന്ന് ഒഴിവുകളിലേയ്ക്ക് സ്കൂൾ തുറക്കുന്ന ജൂൺ രണ്ടാം തീയതിയിൽ എല്ലാ വിദ്യാലയങ്ങളിലും പ്രഥമാധ്യാപകരുടെ സേവനം ഉറപ്പാക്കുന്ന വിധത്തിൽ സ്ഥലംമാറ്റ/ സ്ഥാനക്കയറ്റ നടപടികൾ പൂർത്തീകരിക്കുന്നതാണ്.സംസ്ഥാനത്തെ 14 ഡയറ്റുകളിലേയ്ക്കും പ്രിൻസിപ്പൽമാരെ നിയോഗിക്കുന്നതിനുള്ള വകുപ്പ് തല പ്രൊമോഷൻ കമ്മിറ്റി കൂടുന്നതിന് തീരുമാനിച്ചിട്ടുണ്ട്.വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഡയറ്റ് പ്രിൻസിപ്പൽമാരെ നിയമിക്കുന്നതിനു വകുപ്പ് തല പ്രൊമോഷൻ കമ്മിറ്റി കൂടുന്നത്.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അക്കൗണ്ട്സ് ഓഫീസർ, എ.പി.എഫ്.ഒ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേയ്ക്കുള്ള സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഈ അധ്യയനവർഷം ആരംഭിക്കുന്ന ജൂൺ രണ്ടാം തീയതിയിൽ തന്നെ എല്ലാ വിഭാഗം അധ്യാപകരും വിദ്യാലയങ്ങളിൽ ജോലിയിൽപ്രവേശിക്കുന്ന വിധത്തിൽ അധ്യാപകരുടെ പൊതു സ്ഥലംമാറ്റ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.സംസ്ഥാനത്ത് പി.ഡി. ടീച്ചർമാരുടെ മൂവായിരത്തി ഇരുന്നൂറ്റി പതിനാറ് സ്ഥലംമാറ്റങ്ങളും ഹൈസ്കൂൾ അധ്യാപകരുടെ ആയിരത്തി നാന്നൂറ്റി അമ്പത്തി രണ്ട് സ്ഥലംമാറ്റങ്ങളും പൂർത്തിയായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ രണ്ടായിരത്തി ഇരുപത്തിയഞ്ച് വർഷത്തെ ഓൺലൈൻ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സ്ഥലംമാറ്റത്തിന്റെ കരട് ലിസ്റ്റ് മെയ് 20 ന് പ്രസിദ്ധീകരിക്കുകയും ആയതിന്മേലുള്ള പരാതികൾ പരിഹരിച്ച് മെയ് 29-നകം അന്തിമ ഉത്തരവ് പുറപ്പെടുവിക്കുവാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
